'അവരുടെ നേതാവിന് പദവി വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ തെറ്റുപറയാനാവില്ല': ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ
|'പ്രയാസങ്ങളും തടസ്സങ്ങളും എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്'
ഔറംഗബാദ്: സ്ഥാനമാനങ്ങളൊന്നും ലഭിക്കാത്തതിൽ അതൃപ്തിയില്ലെന്നും എന്നാല്‍ അവരുടെ നേതാവിന് എന്തെങ്കിലും ലഭിക്കണമെന്ന് ജനങ്ങള്‍ കരുതിയാല്‍ അതിൽ തെറ്റ് പറയാനാകില്ലെന്നും ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ.
'2019 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഞാൻ ഒരു പദവിയും വഹിക്കുന്നില്ല, പക്ഷേ എനിക്ക് അതൃപ്തിയില്ല,' അവർ വ്യക്തമാക്കി. 2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും പങ്കജ പറഞ്ഞു. ബീഡ് ജില്ലയിലെ സാവർഗാവ് ഘട്ടിൽ ദസറ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
'പ്രയാസങ്ങളും തടസ്സങ്ങളും എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ഛത്രപതി ശിവാജി മഹാരാജിനുപോലും പോരാട്ടം ചെയ്യേണ്ടിവന്നു. മരിച്ചുപോയ പിതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് തന്റെ മുഴുവൻ രാഷ്ട്രീയ ജീവിതത്തിലുടനീളം സമരം ചെയ്യേണ്ടിവന്നു. നാലര വർഷമേ അദ്ദേഹം അധികാരത്തിലിരുന്നിട്ടൊള്ളൂ.. പങ്കജ പറഞ്ഞു.
ദീൻദയാൽ ഉപാധ്യായയുടെ പാരമ്പര്യമാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അവർ വ്യക്തമാക്കി. മുൻ വർഷങ്ങളിലെ തന്റെ ദസറ റാലിയെ ആൾക്കൂട്ടത്തെ കണ്ടിട്ടാണ് പൊതുപ്രവർത്തനത്തിനിറങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും തന്നോട് ആവശ്യപ്പെടുന്നത്. എന്നാൽ, കഴിഞ്ഞ തവണ ബന്ധുവും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെയോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്ന പറളിയിൽ നിന്ന് വീണ്ടും മത്സരിക്കാൻ ആഗ്രഹിക്കുന്നതായും പങ്കജ പറഞ്ഞു.
'എന്നാൽ പാർട്ടി ഏതൊരു വ്യക്തിക്കും മുകളിലാണ്, എനിക്ക് ആരോടും പരിഭവമില്ല, പാർട്ടി എനിക്ക് ടിക്കറ്റ് നൽകിയാൽ 2024 ലെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും,' അവർ പറഞ്ഞു. ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.മുണ്ടെയുടെ കാലത്താണ് അവർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 2009ൽ ബീഡിലെ പാർളി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. ഫഡ്‌നാവിസ് മന്ത്രിസഭയിൽ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.