'ഇത് എക്‌സിറ്റ് പോൾ അല്ല, മോദി മീഡിയാ പോൾ'; ഇൻഡ്യാ സഖ്യം 295 സീറ്റ് നേടുമെന്ന് രാഹുൽ ഗാന്ധി
|എൻ.ഡി.എ സഖ്യം 300ൽ കൂടുതൽ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
ന്യൂഡൽഹി: കഴിഞ്ഞ ദിവസം പുറത്തുവന്നത് എക്‌സിറ്റ് പോൾ അല്ല 'മോദി മീഡിയാ പോൾ' ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യാ സഖ്യം 295 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം 300ൽ കൂടുതൽ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
'ഇതിനെ എക്‌സിറ്റ് പോളുകൾ എന്നല്ല വിളിക്കുക, മോദി മീഡിയാ പോൾ എന്നാണ് പേര്. ഇത് മോദിജിയുടെ പോൾ ആണ്. അദ്ദേഹത്തിന്റെ സങ്കൽപ്പത്തിലുള്ള പോൾ'-പാർട്ടി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരെ കണ്ട രാഹുൽ പറഞ്ഞു.
ഇൻഡ്യാ സഖ്യം 295 സീറ്റുകൾ നേടുമെന്ന് രാഹുൽ ആവർത്തിച്ചു. 'നിങ്ങൾ സിദ്ദു മൂസെവാലെയുടെ പാട്ട് കേട്ടിട്ടില്ലേ? 295' എന്നായിരുന്നു എത്ര സീറ്റുകൾ നേടുമെന്ന ചോദ്യത്തോട് രാഹുലിന്റെ പ്രതികരണം.
നേരത്തെ കോൺഗ്രസ് പ്രസിഡന്റ് ഖാർഗെയും, രാഹുൽ ഗാന്ധിയും പാർട്ടിയുടെ ലോക്‌സഭാ സ്ഥാനാർഥികൾ, നിയമസഭാ കക്ഷി നേതാക്കൾ, പി.സി.സി അധ്യക്ഷൻമാർ തുടങ്ങിയവരുടെ ഒൺലൈൻ യോഗത്തിൽ പങ്കെടുത്തിരുന്നു.