India
Himantha Biswa Sarma against Miya muslims
India

'മിയ മുസ്‌ലിംകളുടെ വോട്ട് പ്രതീക്ഷിക്കുന്നില്ല; അതുകൊണ്ടാണ് ആശുപത്രികൾ സന്ദർശിക്കാത്തത്'- വിദ്വേഷ പരാമർശവുമായി അസം മുഖ്യമന്ത്രി

Web Desk
|
4 Nov 2023 12:01 PM GMT

അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'മിയ'.

ഗുവാഹതി: മിയ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി വീണ്ടും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. മിയ മുസ്‌ലിംകളുടെ വോട്ട് താൻ പ്രതീക്ഷിക്കുന്നില്ല, അവർ കൂടുതലുള്ള സ്ഥലമായതിനാലാണ് ആശുപത്രികൾ സന്ദർശിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'മിയ'.

തദ്ദേശിയരായ മുസ്‌ലിംകളുടെ പുരോഗമനത്തിലാണ് വേണ്ടിയാണ് താനും തന്റെ പാർട്ടിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹിമാന്ത ബിശ്വ ശർമ പറഞ്ഞു. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മുസ്‌ലിംകളുടെ വോട്ട് നേടാനാണ് കോൺഗ്രസും എ.ഐ.യു.ഡി.എഫും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വോട്ടിൽ മാത്രമാണ് അവരുടെ കണ്ണ്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ റോഡുകളോ പാലങ്ങളോ സ്‌കൂളുകളോ നിർമിക്കാൻ അവർ ശ്രമിക്കുന്നില്ലെന്നും ഹിമാന്ത ആരോപിച്ചു.

നേരത്തെയും മിയ മുസ്‌ലിംകൾക്കെതിരെ ഹിമാന്ത വിദ്വേഷ പരാമർശം നടത്തിയിരുന്നു. 10 വർഷത്തേക്ക് മിയ മുസ്‌ലിംകളുടെ വോട്ട് ബി.ജെ.പിക്ക് വേണ്ടെന്നും എന്നാൽ അവർക്ക് തന്നെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും മറ്റെല്ലാ രീതിയിലും പിന്തുണയ്ക്കുന്നതും കാവി ബ്രിഗേഡിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതും തുടരാമെന്നും ഹിമാന്ത ബിശ്വ ശർമ പറഞ്ഞിരുന്നു.

പച്ചക്കറി വിലക്കയറ്റത്തിന്റെ പേരിലും മിയ മുസ് ലിംകൾക്കെതിരെ ഹിമാന്ത വിദ്വേഷ പരാമർശം നടത്തിയിരുന്നു. രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ മുസ്‌ലിംകളാണെന്നായിരുന്നു ഹിമാന്ത ആക്ഷേപിച്ചത്. ഗ്രാമീണ മേഖലയിൽ പച്ചക്കറിക്ക് വില കുറവാണ്. നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരിൽ ഭൂരിഭാഗവും മിയകളാണെന്നും ഹിമാന്ത ആരോപിച്ചിരുന്നു.

Similar Posts