'മുഖ്യമന്ത്രിയാകാൻ തിടുക്കമില്ല'; പിന്തുണ വാഗ്ദാനം ചെയ്ത കുമാരസ്വാമിക്ക് ഡി.കെ ശിവകുമാറിന്റെ മറുപടി
|മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിൽ തർക്കമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഹുബ്ബള്ളി: മുഖ്യമന്ത്രിയാകണമെങ്കിൽ 19 എം.എൽ.എമാരുടെയും പിന്തുണ നൽകാമെന്ന ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ പ്രസ്താവനക്ക് മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രിയാകാൻ തനിക്ക് തിരക്കില്ലെന്ന് ശിവകുമാർ പറഞ്ഞു.
''കൂട്ടായ നേതൃത്വത്തിന് കീഴിലാണ് ഞങ്ങൾ സംസ്ഥാനത്ത് മത്സരിച്ചത്. മികച്ച രീതിയിൽ ഭരിക്കണം. മുഖ്യമന്ത്രിയാകാൻ എനിക്ക് തിടുക്കമില്ല. ഞാൻ ആരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി നേതൃത്വത്തോട് പോലും...ഹൈക്കമാൻഡിന്റെ ഏത് നിർദേശവും ഞങ്ങൾ അനുസരിക്കും. സിദ്ധരാമയ്യ ഞങ്ങളുടെ നേതാവാണ്. സിദ്ധരാമയ്യയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതാണ് ഞങ്ങളുടെ പ്രതിബദ്ധത''- ഡി.കെ ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിൽ തർക്കമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുമാരസ്വാമി പിന്തുണ വാഗ്ദാനം ചെയ്തു രംഗത്തെത്തിയത്. അതിനിടെ കഴിഞ്ഞ ദിവസം സിദ്ധരാമയ്യ വിളിച്ചുചേർത്ത പ്രഭാതവിരുന്നിൽ ഡി.കെ ശിവകുമാർ പങ്കെടുത്തു.
സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിൽ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനോട് അനുബന്ധിച്ചായിരുന്നു പ്രഭാതവിരുന്ന്. സിദ്ധരാമയ്യയെ ഒപ്പം നിർത്തി ഓഫീസ് ഉദ്ഘാടനം ചെയ്തത് ശിവകുമാറാണ്. 19 മന്ത്രിമാരും ചടങ്ങിനെത്തിയിരുന്നു.