'വെറും തോൽവിയല്ല, കനത്ത പരാജയം തന്നെ ഉറപ്പുവരുത്തണം': അജിത് പവാർ ക്യാമ്പിനെതിരെ ശരദ് പവാർ
|മുമ്പ് തനിക്ക് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച കൂറുമാറ്റത്തിന്റെയും അതില്‍ നിന്ന് തിരിച്ചുവന്നതിന്റെ കഥയും ശരദ് പവാർ വിവരിച്ചു
പൂനെ: മഹാരാഷ്ട്രയിൽ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ എതിരാളികൾക്ക് കനത്ത പരാജയം ഉറപ്പുവരുത്താൻ ആഹ്വാനം ചെയ്ത് ശരദ് പവാർ. തോറ്റാൽ മാത്രം പോര, അതിന്റെ ഭാരം വലുതാക്കിക്കൊടുക്കണം എന്നാണ് ശരദ് പവാർ വ്യക്തമാക്കിയത്.
സോലാപൂർ ജില്ലയിലെ മാധയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 20നാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്. 23ന് ഫലം പ്രഖ്യാപിക്കും. ഇന്നാണ് സംസ്ഥാനത്തെ പരസ്യപ്രചാരണം അവസാനിക്കുന്നത്. ഏതാണ്ട് അഞ്ച് പതിറ്റാണ്ട് മുമ്പ് തനിക്ക് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച കൂറുമാറ്റത്തിൻ്റെ ഒരു കഥയും ശരദ് പവാർ വിവരിച്ചു.
'' 1980ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടിയിൽ നിന്ന് 58 പേർ വിജയിക്കുകയും ഞാൻ പ്രതിപക്ഷ നേതാവാകുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം എനിക്ക് വിദേശത്തേക്ക് പോകേണ്ടി വന്നു. എന്നാല്‍ തിരികെ വന്നപ്പോൾ മുഖ്യമന്ത്രി എ.ആർ അന്തുലെ സാഹിബ് ചില അത്ഭുതങ്ങൾ കാണിച്ചു, അതായത് എന്റെ കൂടെയുണ്ടായിരുന്ന 58 എംഎൽഎമാരിൽ 52 പേരെയും കൂറുമാറ്റി, അതോടെ പ്രതിപക്ഷ നേതാവാകാനുള്ള അവസരം ഇല്ലാതായി''- ശരദ് പവാര്‍ പറഞ്ഞു.
'' ആ നീക്കത്തില്‍ തളര്‍ന്നില്ല, ജനങ്ങള്‍ക്കിടയിലേക്കാണ് ഞാനിറങ്ങിയത്. മൂന്നു വര്‍ഷം നന്നായി കഠിനാധ്വാനം ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിൽ കൂറുമാറിയ 52 എംഎൽഎമാർക്കെതിരെയും യുവ സ്ഥാനാർഥികളെ നിര്‍ത്തി. ഫലം വന്നപ്പോള്‍ ആ 52 പേരും പരാജയപ്പെട്ടു''- ശരദ് പവാര്‍ പറഞ്ഞു. അതുപോലൊരു പരാജയം അജിത് പവാറിനും ഉണ്ടാകുമെന്നാണ് ശരദ് പവാർ ഓർമിപ്പിക്കുന്നത്. ചതിയന്മാര്‍ക്കുള്ള സ്ഥലം കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം അണികളോട് ആവശ്യപ്പെടുന്നു.
ശരദ് പവാർ ക്യാമ്പിനെ പിളർത്തിയാണ് അജിത് പവാർ മഹായുതി സർക്കാറിന്റെ ഭാഗമായതും ഉപമുഖ്യമന്ത്രിയായതും. ഇതോടൊപ്പം പേരും ക്ലോക്ക് എന്ന ചിഹ്നവും അജിത് പവാറിന് ലഭിക്കുകയും ചെയ്തു. ഇതോടെ ക്ഷീണത്തിലായ ശരദ് പവാര്‍ ക്യാമ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് ഉണര്‍ന്നത്. അതേസമയം പവാര്‍ കുടുംബത്തിന്റെ തട്ടകമായ ബാരാമതി നിയമസഭാ സീറ്റിൽ അജിത് പവാറിനെ നേരിടാൻ ശരദ് പവാറിന്റെ ചെറുമകൻ യുഗേന്ദ്ര പവാറിനെയാണ് ഇത്തവണ ശരദ് പവാര്‍ രംഗത്തിറക്കിയിരിക്കുന്നത്.