India
എംഎൽഎമാർക്ക് പിന്നാലെ എംപിമാരും ഉദ്ധവ് വിരുദ്ധ പക്ഷത്തേക്ക്; മഹാരാഷ്ട്രയിൽ പ്രതിസന്ധി മുറുകുന്നു
India

എംഎൽഎമാർക്ക് പിന്നാലെ എംപിമാരും ഉദ്ധവ് വിരുദ്ധ പക്ഷത്തേക്ക്; മഹാരാഷ്ട്രയിൽ പ്രതിസന്ധി മുറുകുന്നു

Web Desk
|
23 Jun 2022 12:30 PM GMT

ശിവസേനക്ക് 55 എംഎൽഎമാരാണുള്ളത്. ഇതിൽ 40 പേരുടെ പിന്തുണ തനിക്കാണെന്നാണ് ഏക്‌നാഥ് ഷിൻഡെ അവകാശപ്പെടുന്നത്. 19 ലോക്‌സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരും ശിവസേനക്കുണ്ട്.

മുംബൈ: എംഎൽഎമാർക്ക് പിന്നാലെ ശിവസേന എംപിമാരും വിമത പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ ശക്തമാവുന്നു. 12ൽ കൂടുതൽ എംപിമാർ ഏക്‌നാഥ് ഷിൻഡെക്ക് പിന്തുണ പ്രഖ്യാപിച്ചതായാണ് ഏറ്റവും പുതിയ വിവരം. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ എംഎൽഎമാർ തന്റെ പക്ഷത്തുണ്ടെന്ന് ഷിൻഡെ അവകാശപ്പെട്ടു. കൂറുമാറ്റ നിരോധന നിയമം ബാധകമാവാതിരിക്കണമെങ്കിൽ 37 എംഎൽഎമാരുടെ പിന്തുണ അദ്ദേഹത്തിന് ആവശ്യമാണ്.

ശിവസേന എംപിമാരായ രാജൻ വിചാരെ, ഭാവ്‌ന ഗാവ്‌ലി, ക്രുപാൽ തുമാനെ, ശ്രീകാന്ത് ഷിൻഡെ, രാജേന്ദ്ര ഗവിത് തുടങ്ങിയവർ ഷിൻഡെക്കൊപ്പമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജൻ വിചാരെയും ശ്രീകാന്ത് ഷിൻഡെയും ഗുവാഹതിയിലെ ഹോട്ടലിലാണെന്നാണ് വിവരം. അതേസമയം താൻ വിമത പക്ഷത്താണെന്ന വിമർശനം ക്രുപാൽ തുമാനെ നിഷേധിച്ചു. '' എന്നെ ആരും ബന്ധപ്പെട്ടിട്ടില്ല, ഞാൻ ആരെയും പിന്തുണക്കുന്നില്ല. ഞാൻ എല്ലായിപ്പോഴും ശിവസേനക്കൊപ്പമാണ്. എന്നെക്കുറിച്ച് ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്, അത് പൂർണമായും തെറ്റാണ്. ക്ഷമയാണ് ഇപ്പോൾ കാലം ആവശ്യപ്പെടുന്നത്'' - തുമാനെ പറഞ്ഞു.

ശിവസേനക്ക് 55 എംഎൽഎമാരാണുള്ളത്. ഇതിൽ 40 പേരുടെ പിന്തുണ തനിക്കാണെന്നാണ് ഏക്‌നാഥ് ഷിൻഡെ അവകാശപ്പെടുന്നത്. 19 ലോക്‌സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരും ശിവസേനക്കുണ്ട്. എംപിമാരായ സഞ്ജയ് റാവത്തും പ്രിയങ്കാ ചതുർവേദിയും ഉദ്ധവ് താക്കറെക്കൊപ്പമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇത് പോരാടാനുള്ള സമയമാണെന്നായിരുന്നു പ്രിയങ്കാ ചതുർവേദിയുടെ പ്രതികരണം.

മഹാ വികാസ് അഗാഡി സഖ്യം വിടാൻ തയ്യാറാണെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കിയെങ്കിലും സമയം കഴിഞ്ഞുപോയി എന്നായിരുന്നു ഏക്‌നാഥ് ഷിൻഡെയുടെ മറുപടി. കോൺഗ്രസ്-എൻസിപി സഖ്യത്തിൽ ചേർന്നതോടെ ഉദ്ധവ് താക്കറെ, ബാൽതാക്കറെ മുന്നോട്ടുവെച്ച ഹിന്ദുത്വ ആശയങ്ങൾ പണയപ്പെടുത്തിയെന്നാണ് ഷിൻഡെയുടെ ആരോപണം.

Similar Posts