![ചാന്ദ്ര ദൗത്യത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടം ലാൻഡിങ് ആയിരുന്നില്ല; വിശദീകരിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ ചാന്ദ്ര ദൗത്യത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടം ലാൻഡിങ് ആയിരുന്നില്ല; വിശദീകരിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ](https://www.mediaoneonline.com/h-upload/2023/08/23/1385323-screenshot-2023-08-23-214226.webp)
'ചാന്ദ്ര ദൗത്യത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടം ലാൻഡിങ് ആയിരുന്നില്ല'; വിശദീകരിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ
![](/images/authorplaceholder.jpg?type=1&v=2)
'ശരിയായ ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുക എന്ന കടമയാണ് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റ് നിര്‍വഹിച്ചത്'
ഡൽഹി: ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം ലാന്‍ഡിങ് ആയിരുന്നില്ലെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ്. വിക്ഷേപണമായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമെന്നാണ് എസ്.സോമനാഥ് പറയുന്നത്. "വിക്രം ലാന്‍ഡറും പ്രഗ്വാന്‍ റോവറും അടങ്ങുന്ന ചന്ദ്രയാന്‍ മൂന്ന് പേടകത്തെ വഹിച്ച് കൊണ്ടാണ് ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റ് ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. ശരിയായ ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുക എന്ന കടമയാണ് റോക്കറ്റ് നിര്‍വഹിച്ചത്", സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
'36,500 കിലോമീറ്റര്‍ സഞ്ചരിച്ച് ചന്ദ്രനിലേക്കുള്ള പാതയില്‍ പേടകത്തെ എത്തിക്കുന്ന ഘട്ടം ശരിയായ രീതിയിലാണ് നടന്നത്. വിക്ഷേപണം നടന്ന് 16 മിനിറ്റിന് ശേഷം റോക്കറ്റില്‍ നിന്ന് ചന്ദ്രയാന്‍-3 മോഡ്യൂളിനെ വേര്‍പെടുത്തി. തുടര്‍ന്ന് ആറ് തവണ ഭൂമിയെ ഭ്രമണം ചെയ്തു. ജൂലൈ 15 ന് ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തുന്നതിന് മുമ്പ് പരമാവധി 36,500 കിലോമീറ്റര്‍ ദൂരത്തില്‍ എത്തിച്ചു. ആദ്യ ഭ്രമണപഥം ഉയര്‍ത്തലിലൂടെ ദൂരം 41,670 കിലോമീറ്ററിലേക്ക് എത്തി.'-സോമനാഥ് പറഞ്ഞു.
ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത ഒരു കൂട്ടം ശക്തിയേറിയ ക്യാമറകളുടെ സഹായത്തോടെയാണ് ചന്ദ്രയാന്‍ മൂന്ന് ഇറക്കുന്നതിനുള്ള ഉചിതമായ സ്ഥലം കണ്ടെത്തിയത്. ലാന്‍ഡര്‍ മോഡ്യൂളിന്റെ വേഗത കുറച്ച് സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ലാന്‍ഡറിന്റെയും ഓര്‍ബിറ്ററിന്റെയും വേര്‍തിരിവാണ് നിര്‍ണായകമായ മൂന്നാമത്തെ ഘട്ടം. ബഹിരാകാശത്തും ഭ്രമണപഥത്തിലും നിരവധി ദിവസങ്ങള്‍ ചെലവഴിച്ചതിന് ശേഷം ഉചിതമായ സമയത്താണ് ഇത് സംഭവിച്ചതെന്നും എസ്. സോമനാഥ് കൂട്ടിച്ചേർത്തു.