കോൺഗ്രസിന്റേതല്ല; മരവിപ്പിക്കേണ്ടത് ബിജെപിയുടെ അക്കൗണ്ടുകൾ: സച്ചിൻ പൈലറ്റ്
|കേന്ദ്രത്തിന്റേത് സി.ബി.ഐയെയും ഇ.ഡിയെയും ഉപയോഗിച്ചുള്ള തട്ടിപ്പ്
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതിയിലൂടെ വൻ തുക സമാഹരിച്ച ബി.ജെ.പിയുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കേണ്ടതെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനവും ജനാധിപത്യവിരുദ്ധവുമാണ്. ജനാധിപത്യം സംരക്ഷിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടി തടയണമെന്നും അദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന് ഗർവാണ്, അക്രമോത്സുകമായി പെരുമാറുന്ന കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പിലും ഇതേ രീതി തന്നെയാണ് പ്രകടിപ്പിക്കാൻ പോകുന്നത്. ഇത് തടയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണ്.
ഇക്ടറൽ ബോണ്ടുകൾ നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചതാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇതിലൂടെ നടന്നിരിക്കുന്നത്. സി.ബി.ഐയെയും ഇഡിയെയും ഉപയോഗിച്ചാണ് കേന്ദ്രം തട്ടിപ്പ് നടത്തുന്നത് എന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ആദായ നികുതി വകുപ്പിന്റെ നീക്കം. 200 കോടിയോളം രൂപ കോൺഗ്രസ് നികുതി അടയ്ക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. എന്നാൽ അത്രയും തുക നൽകാനില്ലെന്നാണ് കോൺഗ്രസിന്റെ വാദം.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രചാരണവും നടത്താൻ കഴിയുന്നില്ലെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പാർട്ടി ഇരുട്ടിൽ നിൽക്കുകയാണ്. നേതാക്കൾക്ക് ട്രെയിൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ല. കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തിൽ ഇടപെടുന്നില്ല. ഇതെന്ത് ജനാധിപത്യമാണ്. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്ന് പറയുന്നത് വലിയ കളവാണ്. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടല്ല മരവിപ്പിച്ചത്, ഇന്ത്യൻ ജനാധിപത്യത്തെ തന്നെയാണ് മരവിപ്പിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.