"വ്യക്തിപരമായ അഭിപ്രായം" ഇന്‍ഫോസിസിനെതിരായ ലേഖനത്തെ തള്ളി ആര്‍.എസ്.എസ്
|കേന്ദ്ര സര്‍ക്കാരിനെതിരായി വാര്‍ത്തകള്‍ നല്‍കുന്ന വെബ് പോര്‍ട്ടലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഇന്‍ഫോസിസാണെന്നും പാഞ്ചജന്യ ആരോപിക്കുന്നു
രാജ്യത്തെ പ്രമുഖ ഐ.ടി സ്ഥാപനമായ ഇന്‍ഫോസിസിനെതിരെ മുഖപത്രമായ പാഞ്ചജന്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ തള്ളി ആര്‍.എസ്.എസ്. പാഞ്ചജന്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങൾ സംഘടനയുടേതല്ല, രചയിതാവിന്റേതാണെന്നായിരുന്നു ആര്‍.എസ്.എസ് വക്താവ് സുനില്‍ അംബേക്കര്‍ പറഞ്ഞത്.
"ഒരു ഇന്ത്യൻ കമ്പനി എന്ന നിലയിൽ, ഇൻഫോസിസ് ഇന്ത്യയുടെ പുരോഗതിയിൽ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഇൻഫോസിസ് കൈകാര്യം ചെയ്യുന്ന ഇന്‍കം ടാക്സ് പോർട്ടലിനെക്കുറിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം, എന്നാൽ പാഞ്ചജന്യയിൽ ഈ പശ്ചാത്തലത്തിൽ പ്രസിദ്ധീകരിച്ച ലേഖനം രചയിതാവിന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണ്, ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടല്ല. "അതിനാൽ, ആര്‍.എസ്.എസിനെ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന കാഴ്ചപ്പാടുകളുമായി ബന്ധിപ്പിക്കരുത്," " സുനില്‍ അംബേക്കർ പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഇന്‍ഫോസിസ് ദേശവിരുദ്ധ ശക്തികള്‍ക്ക് സഹായമൊരുക്കുകയാണെന്നായിരുന്നു ലേഖനത്തില്‍ ആരോപിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരായി വാര്‍ത്തകള്‍ നല്‍കുന്ന വെബ് പോര്‍ട്ടലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഇന്‍ഫോസിസാണെന്നും പാഞ്ചജന്യ ആരോപിക്കുന്നു. പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പാഞ്ചജന്യയുടെ പുതിയ കവര്‍സ്റ്റോറിയില്‍ ഉന്നയിച്ചത്. 'നക്‌സലുകളേയും ഇടതുപക്ഷക്കാരേയും തുക്കടെ തുക്കടെ സംഘത്തേയും സഹായിക്കുകയാണ് ഇന്‍ഫോസിസ്' പഞ്ചജന്യയുടെ പുതിയ പതിപ്പില്‍ പറഞ്ഞു.
भारतीय कंपनी के नाते इंफोसिस का भारत की उन्नति में महत्वपूर्ण योगदान है।इंफोसिस संचालित पोर्टल को लेकर कुछ मुद्दे हो सकते हैं परंतु पान्चजन्य में इस संदर्भ में प्रकाशित लेख,लेखक के अपने व्यक्तिगत विचार हैं,तथा पांचजन्य संघ का मुखपत्र नहीं है।@editorvskbharat
— Sunil Ambekar (@SunilAmbekarM) September 5, 2021
സ്ഥാപനം എത്ര വലിയ പദ്ധതികള്‍ ചെയ്തുവെന്ന് ഇതെഴുതിയ ലേഖകന് അറിയില്ലെന്ന് ഇന്‍ഫോസിസിനെ പ്രതിരോധിച്ചുകൊണ്ട് കമ്പനി മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മോഹന്‍ദാസ് പറഞ്ഞു.
ജി.എസ്.ടി ആന്‍ഡ് കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ തകരാര്‍ ചൂണ്ടിക്കാട്ടിയാണ് ലേഖനത്തില്‍ വിമര്‍ശനങ്ങളത്രയും.' ആവര്‍ത്തിച്ച് തകരാര്‍ സംഭവിക്കുന്നത് സംശയം ജനിപ്പിക്കും. ഇന്‍ഫോസിസ് മാനേജ്മെന്റ് മനഃപൂര്‍വ്വം ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ട്. ഇന്‍ഫോസിസ് വഴി ചില രാജ്യവിരുദ്ധ ശക്തികള്‍ ഇന്ത്യയുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ ഹനിക്കാന്‍ ശ്രമിക്കുന്നുണ്ടോ?' ലേഖനത്തില്‍ ചോദിക്കുന്നു. കേന്ദ്ര സര്‍ക്കാരിന് പകരം ഒരു വിദേശ ഇടപാടുകാരാണെങ്കില്‍ ഇത്തരത്തില്‍ മോശം സര്‍വീസ് നടത്തുമോയെന്നും ചോദ്യമുന്നയിക്കുന്നു.
മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് പറയുകയും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ആര്‍.എസ്.എസെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി ഇതിനോട് പ്രതികരിച്ചു.