'ആര് നയിക്കുമെന്ന് പറയില്ല'; പ്രതിപക്ഷ സഖ്യത്തിൽ നിർണായ മാറ്റത്തിന്റെ സൂചന നൽകി കോൺഗ്രസ്
|തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിലാണ് ഖാർഗെയുടെ നിർണായക പ്രഖ്യാപനം.
ന്യൂഡൽഹി: അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യരൂപവത്കരണത്തിൽ മാറ്റത്തിന്റെ സൂചന നൽകി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ പിടിവാശിയില്ലെന്നാണ് ഖാർഗെയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിലുണ്ടായ തീരുമാനത്തിന്റെ ഭാഗമാണ് പാർട്ടിയുടെ നിലപാട് മാറ്റമെന്നാണ് സൂചന.
'വിഘടന ശക്തികൾക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം. ആര് നയിക്കുമെന്നോ ആര് പ്രധാനമന്ത്രിയാകുമെന്നോ ഞാൻ പറഞ്ഞിട്ടില്ല. അതല്ല ചോദ്യം, ഞങ്ങൾ ഒറ്റക്കെട്ടായി പോരാടാൻ ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങളുടെ ആഗ്രഹം'-ഖാർഗെ പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിലാണ് ഖാർഗെയുടെ നിർണായക പ്രഖ്യാപനം. തമിഴ്‌നാട്ടിലെ കോൺഗ്രസ്-ഡി.എം.കെ സഖ്യം 2004, 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2006, 2021 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയനം നേടിയിരുന്നു.
നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സ്റ്റാലിൻ പ്രധാനമന്ത്രിയാകുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ഫാറൂഖ് അബ്ദുല്ല തമിഴ്‌നാട് മുഖ്യമന്ത്രിയോട് ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് ഖാർഗെയുടെ പ്രസ്താവന.