'യുവതികളെ റോഡിലൂടെ നഗ്‌നരായി നടത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്'; സാമൂഹ്യമാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
|ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്ററിനെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രം
ന്യൂഡൽഹി: മണിപ്പൂരിൽ യുവതികളെ ആൾക്കൂട്ടം റോഡിലൂടെ നഗ്‌നരായി നടത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് വിലക്കി കേന്ദ്രം. സാമൂഹ്യമാധ്യമങ്ങൾക്ക് സർക്കാർ നോട്ടീസ് അയച്ചു. ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.
മെയ്‌തെയ് വിഭാഗത്തിൽപെട്ടവരാണ് പിന്നിലെനും അക്രമികൾ യുവതികളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും കുക്കി സംഘടനയായ ഇന്റിജീനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം ആരോപിച്ചു. വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നു. സംഭവത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി, പ്രിയങ്കഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവർ രംഗത്തെത്തി.പ്രതികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് ഉറപ്പ് നൽകിയാതായികേന്ദ്ര മന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
അതേസമയം, യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹെറാദാസ് ( 32) ആണ് അറസ്റ്റിലായത്.തൌബാല് ജില്ലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചു.