'ഒരുപാട് സന്തോഷമൊന്നുമില്ല, തീരുമാനം പാർട്ടിയുടെ താൽപര്യം മുൻനിർത്തി'; ഡി.കെയുടെ സഹോദരന്‍
|രണ്ടരവർഷം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുമെന്നാണ് അറിഞ്ഞതെന്നും ഡി.കെ സുരേഷ്
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുത്തതിൽ തങ്ങൾ പൂർണ സന്തുഷ്ടരല്ലെന്ന് ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ്. 'കർണ്ണാടകയുടെയും പാർട്ടിയുടെയും താൽപര്യം മുൻനിർത്തിയാണ് ഈ തീരുമാനമെടുത്തത്. എന്റെ സഹോദരൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചു, പക്ഷേ മുഖ്യമന്ത്രിയായില്ല. ഈ തീരുമാനത്തിൽ ഞങ്ങൾ സന്തുഷ്ടരല്ല,' കോൺഗ്രസ് എംപി കൂടിയായ സുരേഷ് എൻഡിടിവിയോട് പറഞ്ഞു.
'ടേം വ്യവസ്ഥ ചർച്ചയിലില്ലെന്ന് ഹൈക്കമാൻഡ് പറഞ്ഞെങ്കിലും അന്തിമ കരാറിൽ കാലാവധി വിഭജിക്കുന്നതിന് സാധ്യതയുണ്ട്. എന്താണ് ആ ഫോർമുല എന്ന് അറിയില്ല. എന്നാൽ രണ്ടരവർഷം മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുക എന്നായിരിക്കുമെന്നാണ് ഞാൻ അറിഞ്ഞത്.' അദ്ദേഹം പറഞ്ഞു.
ധാരണ അനുസരിച്ച് ആദ്യ രണ്ടര വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും. ടേം വ്യവസ്ഥ ചർച്ചയിലില്ല എന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, നാലുദിവസത്തോളം നീണ്ട ചർച്ചകൾക്കൊടുവിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യപിച്ചത്. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും.ഇരുവരുടെയും സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. ഇന്ന് വൈകീട്ട് കോൺഗ്രസിന്റെ നിയമസഭാ കക്ഷിയോഗം ചേരും.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രി ആക്കാനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗ തീരുമാനിച്ചതായി കെ.സി വേണുഗോപാൽ അറിയിച്ചു
ഇന്ന് വൈകീട്ട് ബംഗലൂരുവിൽ കോൺഗ്രസ് നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതിൽ സിദ്ധരാമയ്യയെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും . പ്രതിപക്ഷ പാർട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.