നോട്ടയ്ക്ക് വോട്ടു ചെയ്താൽ 2000 രൂപ; വോട്ടെണ്ണിയപ്പോൾ അന്ധേരി ഈസ്റ്റിൽ നോട്ട രണ്ടാമത്
|മൊത്തം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 52,507 വോട്ടുകളാണ് ശിവസേന ഉദ്ദവ് ബാൽ താക്കറെ പക്ഷത്തിന്റെ സ്ഥാനാർഥി റുതുജ നേടിയത്. നോട്ടയാണ് തൊട്ടുപിറകിലുള്ളത്. 10,284 വോട്ടുകളാണ് നോട്ടക്കുള്ളത്
മുംബൈ: മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ ശിവസേന ഉദ്ദവ് ബാൽ താക്കറെ പക്ഷത്തിന്റെ സ്ഥാനാർഥി റുതുജാ ലത്കെ വിജയിച്ചു. മൊത്തം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 52,507 വോട്ടുകളാണ് റുതുജ നേടിയത്. നോട്ടയാണ് തൊട്ടുപിറകിലുള്ളത്. 10,284 വോട്ടുകളാണ് നോട്ടക്കുള്ളത്. അന്തരിച്ച എംഎൽഎയുടെ ഭാര്യയെ 'ജയിപ്പിക്കാൻ പിന്മാറിയെന്ന്' അവകാശപ്പെട്ട് ബിജെപി മണ്ഡലത്തിൽ മത്സരിച്ചിരുന്നില്ല. റുതുജക്ക് പുറമേ സ്വതന്ത്ര സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരിച്ചിരുന്നത്. എന്നാൽ നോട്ടയ്ക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എതിരാളികൾ 2000 രൂപ നൽകി പ്രചാരണം നടത്തിയെന്ന് ശിവസേന ഉദ്ദവ് പക്ഷം ആരോപിച്ചിരുന്നു. നോട്ടയ്ക്ക് വോട്ടു ചെയ്യുന്നത് പഠിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
ശിവസേന വിഘടിച്ച് ഒരു വിഭാഗം ബിജെപിക്കൊപ്പം ഭരിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക വിഭാഗം മത്സരിച്ചതിലൂടെ ഏറെ ജനശ്രദ്ധയാകർഷിക്കുന്ന മണ്ഡലമാണ് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്. ശിവസേനയിൽ നിന്ന് ഏക്നാഥ് ഷിൻഡെയെയും വലിയൊരു വിഭാഗം എംഎൽമാരെയും അടർത്തിയെടുത്ത് സംസ്ഥാനം ബിജെപി ഭരിക്കാൻ തുടങ്ങിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിൽ നടന്നത്. അന്ധേരി ഈസ്റ്റിലെ മുൻ എംഎൽഎ രമേഷ് ലത്കെയുടെ ഭാര്യയാണ് ഉദ്ദവ് പക്ഷത്തിന്റെ സ്ഥാനാർഥി റുതുജാ ലത്കെ. ദിപശിഖയാണ് ഇവരുടെ ചിഹ്നം. റുതുജയുടെ ഭർത്താവ് രമേഷ് ലത്കെ ഹൃദയാഘാതത്തെ തുടർന്ന് 2022ൽ ദുബൈയിൽ വെച്ചാണ് അന്തരിച്ചിരുന്നത്.
മഹാരാഷ്ട്രക്ക് പുറമേ ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണുകയാണ്. ബിഹാറിലെ മൊകാമയിൽ ആർജെഡിയും ഗോപാൽഗഞ്ചിൽ ബിജെപിയും വിജയിച്ചു. ബിഹാറിലെ മൊകാമ മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദളിന്റെ നീലംദേവി വമ്പൻ വിജയം നേടി. ബിജെപി സ്ഥാനാർഥി സോനം ദേവിയെയാണിവർ പരാജയപ്പെടുത്തിയത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. ഗോപാൽഗഞ്ചിൽ ബിജെപിയുടെ കുസുമം ദേവി ആർജെഡിയുടെ മോഹൻ പ്രസാദ് ഗുപ്തയെയാണ് പരാജയപ്പെടുത്തിയത്.
ആയുധം കൈവശം വെച്ച കേസിൽ നീലം ദേവിയുടെ ഭർത്താവ് കൂടിയായ സ്ഥലം എംഎൽഎ ആനന്ദ് സിംഗിനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് മൊകാമയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് ആർജെഡി മുൻ എംഎൽഎയുടെ ഭാര്യയെ തന്നെ സ്ഥാനാർഥിയാക്കുകയായിരുന്നു. യുപി ഗോല ഗോകർനാഥിൽ ബിജെപിയുടെ അമാൻ ഗിരി വിജയിച്ചു. പിതാവ് അരവിന്ദ് ഗിരിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ റെക്കോർഡ് മാർജിനിലാണ് ഇദ്ദേഹം വിജയിച്ചത്. സമാജ്വാദി പാർട്ടിയുടെ വിനയ് തിവാരിയായിരുന്നു പ്രധാന എതിർ സ്ഥാനാർഥി.
തെലങ്കാനയിലേയും ഹരിയാനയിലേയും ഉത്തർപ്രദേശിലേയും ബിഹാറിലേയും തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിർണ്ണായകമാണ്. ഹിമാചൽ പ്രദേശ് - ഗുജറാത്ത് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ ഫലം ബാധിക്കും. ഹിമാചലിൽ നവംബർ 12 നാണ് വോട്ടെടുപ്പ്. ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും പല പദ്ധതിപ്രഖ്യാപനങ്ങളും നടത്താൻ അവസരമൊരുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ ഗുജറാത്തിലെ പ്രഖ്യാപനം നീട്ടുന്നതെന്ന വിമർശനം ഉയർന്നിരുന്നു.
Nota came second in Andheri East when the votes were counted