India
ബോംബ് ഭീഷണി വ്യാജം; വിമാനം ഗോവയിലേക്ക്
India

ബോംബ് ഭീഷണി വ്യാജം; വിമാനം ഗോവയിലേക്ക്

Web Desk
|
10 Jan 2023 5:07 AM GMT

8 ജീവനക്കാർ ഉൾപ്പെടെ 244 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഡല്‍ഹി: ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തില്‍ അടിയന്തരമായി ഇറക്കിയ മോസ്കോ - ഗോവ വിമാനത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍. ഇന്ന് രാവിലെ 11നുള്ളില്‍ വിമാനം ഗോവയിലേക്ക് യാത്ര പുനരാരംഭിക്കും. 8 ജീവനക്കാര്‍ ഉള്‍പ്പെടെ 244 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോംബ് ഭീഷണി വ്യാജമായിരുന്നുവെന്ന് ജാംനഗര്‍ കലക്ടര്‍ അറിയിച്ചു.

ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി) വിമാനവും യാത്രക്കാരുടെ ലഗേജും വിശദമായി പരിശോധിച്ചു- "സംശയാസ്പദമായ ഒന്നും എൻ.എസ്.ജിക്ക് കണ്ടെത്തിയിട്ടില്ല. ജാംനഗറിൽ നിന്ന് ഗോവയിലേക്ക് രാവിലെ 10.30 നും 11 നും ഇടയിൽ വിമാനം പുറപ്പെടും. എല്ലാ ബാഗേജും വിശദമായി പരിശോധിച്ചു"- ജാംനഗർ വിമാനത്താവള ഡയറക്ടർ പറഞ്ഞു.

മോസ്കോയിൽ നിന്ന് പുറപ്പെട്ട് ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച രാത്രി 9:49ന് ജാംനഗർ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുകയായിരുന്നു. ആദ്യം മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. ഐസൊലേഷന്‍ ബേയിലേക്ക് വിമാനം മാറ്റിയാണ് പൊലീസും ബോംബ് സ്ക്വാഡും ചേർന്ന് വിശദമായ പരിശോധന നടത്തിയത്.

ബോംബ് ഭീഷണിയെക്കുറിച്ച് ഇന്ത്യൻ അധികൃതർ തങ്ങളെ അറിയിച്ചതായി റഷ്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു- "മോസ്‌കോയിൽ നിന്ന് ഗോവയിലേക്കുള്ള അസൂർ എയർ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായതായി ഇന്ത്യൻ അധികൃതർ എംബസിയെ അറിയിച്ചു. വിമാനം ജാംനഗർ ഇന്ത്യൻ എയർഫോഴ്‌സ് ബേസിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്".

9 മണിക്കൂർ സുരക്ഷാസേന ജാംനഗർ വിമാനത്താവളം വളഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് യാത്ര പുനരാരംഭിക്കുന്നത്. ആരാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല.


Summary- Nothing suspicious was found on the Moscow - Goa flight which was diverted to Gujarat's Jamnagar after a bomb threat on Monday

Related Tags :
Similar Posts