India
സിപിഐക്ക് പിന്നാലെ സിപിഎമ്മിനും നോട്ടീസ്;  15 കോടി അടക്കണമെന്ന് ഇൻകം ടാക്സ്
India

സിപിഐക്ക് പിന്നാലെ സിപിഎമ്മിനും നോട്ടീസ്; 15 കോടി അടക്കണമെന്ന് ഇൻകം ടാക്സ്

Web Desk
|
29 March 2024 12:50 PM GMT

ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാത്തതിനാണ് സിപിഎമ്മിനെതിരായ നടപടി

ന്യൂഡൽഹി: കോൺഗ്രസിനും സി.പി.ഐക്കും പിന്നാലെ സി.പി.എമ്മിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി രൂപ അടയ്ക്കാനാണ് നോട്ടീസ്. ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാത്തതിനാണ് സിപിഎമ്മിനെതിരായ നടപടി. നോട്ടീസിന് പിന്നാലെ സി.പി.എം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐക്ക് 11 കോടി പിഴയിട്ടത്. 1700 കോടിയായിരുന്നു കോൺഗ്രസിന് ആദായനികുതി വകുപ്പ് പിഴയിട്ടത്. കോൺഗ്രസിനും ഇടതുപക്ഷ പാർട്ടികൾക്കുമൊഴികെ തൃണമുൽ കോൺഗ്രസ് നേതാവിനും ഇൻകം ടാക്‌സ് ഏഴ് നോട്ടീസുകൾ അയച്ചിട്ടുണ്ട്.

സംഭവത്തിൽ മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തിയതായും ഉടൻ കോടതിയെ സമീപിക്കുമെന്ന് സി.പി.ഐ നേതാക്കൾ അറിയിച്ചു. പഴയ പാൻ കാർഡ് ഉപയോഗിച്ചതിലെ പൊരുത്തക്കേടിനുള്ള തുകയും, ഐ.ടി വകുപ്പിന് നൽകാനുള്ള കുടിശ്ശികയും ചേർത്താണ് 11 കോടി രൂപ പിഴ ഈടാക്കിയത്.

ആദായ നികുതി പുനർനിർണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നായിരുന്നു കോൺഗ്രസിന് അയച്ച നോട്ടീസ്. 017-21 കാലയളവിലെ ആദായ നികുതി പുനർനിർണയ നീക്കത്തിനെതിരായ കോൺഗ്രസിന്റെ ഹരജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്. പിഴയും പലിശയുമായി 1700 കോടി രൂപ അടയ്ക്കണം. നേരത്തെ 2014- 17 കാലയളവിലെ 100 കോടി രൂപ അടയ്ക്കണമെന്ന നോട്ടീസ് കോൺഗ്രസിന് ലഭിച്ചിരുന്നു.

ഇതിനെതിരെ നൽകിയ ഹരജി ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലും ഹൈക്കോടതിയും തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഇൻകം ടാക്സ് നടപടി കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. കോൺഗ്രസിനെ പാപ്പരാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. നാളെയും മറ്റന്നാളുമായി രാജ്യവ്യപക പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനം. ഞായറാഴ്ച രാംലീല മൈതാനിയിൽ ഇൻഡ്യാ മുന്നണിയുടെ മഹാറാലി നടക്കും.

Similar Posts