India
police notice to singer Neha Singh Rathore in uttar pradesh

നേഹ സിങ് റാത്തോഡ്

India

യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് ഗാനം: ഗായികയ്ക്ക് നോട്ടീസ്

Web Desk
|
22 Feb 2023 9:52 AM GMT

നേഹയുടെ പാട്ട് സമൂഹത്തില്‍ അസ്വസ്ഥതയും അസ്വാരസ്യവും സൃഷ്ടിച്ചെന്ന് പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ബുള്‍ഡോസര്‍ ഒഴിപ്പിക്കലിനെതിരെ ആക്ഷേപഹാസ്യ ഗാനം ആലപിച്ച ഗായികയ്ക്ക് പൊലീസിന്‍റെ നോട്ടീസ്. ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡിനാണ് പൊലീസ് നോട്ടീസ് അയച്ചത്. കാണ്‍പൂരിലെ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും വെന്തുമരിച്ച സംഭവം ആസ്പദമാക്കിയായിരുന്നു ഗാനം.

കുടിയൊഴിപ്പിക്കലിനിടെ കുടിലിന് തീപിടിച്ച് 45കാരിയായ പ്രമീള ദീക്ഷിതും മകളുമാണ് വെന്തുമരിച്ചത്. പൊലീസ് കുടിലിന് തീയിട്ടുവെന്നാണ് ആരോപണം. എന്നാല്‍ ഇരുവരും സ്വയം കുടിലിന് തീയിട്ടതാണെന്നാണ് പൊലീസ് പറയുന്നത്. കാണ്‍പൂര്‍ സംഭവത്തെ കുറിച്ചുള്ള നേഹയുടെ പാട്ട് സമൂഹത്തില്‍ അസ്വസ്ഥതയും അസ്വാരസ്യവും സൃഷ്ടിച്ചെന്ന് പറഞ്ഞാണ് പൊലീസ് ഗായികയുടെ വീട്ടിലെത്തിയത്. പാട്ടിന്‍റെ വരികളെഴുതിയതും ദൃശ്യത്തിലുള്ളതും നേഹയാണോ എന്ന് പൊലീസ് ചോദിച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആ വിഡിയോ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടോയെന്നും പൊലീസ് ആരാഞ്ഞു. ഗാനത്തെ കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് നേഹയ്ക്ക് മൂന്നു ദിവസത്തെ സമയം നല്‍കി.

"ഈ ഗാനം സമൂഹത്തിൽ ശത്രുതയും അസ്വസ്ഥതയും സൃഷ്ടിച്ചു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാൻ നിങ്ങൾക്ക് നിയമപരമായി ബാധ്യതയുണ്ട്. അതിനാൽ നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണം. നിങ്ങളുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും" എന്നാണ് നോട്ടീസില്‍ പറയുന്നത്.

യോഗി ആദിത്യനാഥിനെ കുറിച്ചു മാത്രമല്ല, നിതീഷ് കുമാർ, ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കളെ കുറിച്ചും നേഹ ആക്ഷേപഹാസ്യ ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. നേഹയ്ക്കെതിരായ നടപടിയെ വിമര്‍ശിച്ച് ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി- "നേഹ ഭയക്കാതെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ, ബി.ജെ.പി സർക്കാർ അവരുടെ വീട്ടിലേക്ക് പൊലീസിന്‍റെ കയ്യില്‍ നോട്ടീസ് കൊടുത്തുവിട്ടു. ഒരു ഗായികയുടെ ശബ്ദത്തെ ബി.ജെ.പി ഇത്രമാത്രം ഭയപ്പെടുന്നുണ്ടോ? ഇത് നാണക്കേടാണ്"- എന്നാണ് മനീഷ് സിസോദിയയുടെ പ്രതികരണം.

Summary- A popular Bhojpuri singer has been served notice by the Uttar Pradesh Police for a satirical song that taunted the Yogi Adityanath government for its eviction drive

Similar Posts