'നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ല, എൻടിഎ സുതാര്യമായ ഏജൻസി'; വിവാദത്തിൽ വിശദീകരണവുമായി ചെയർമാൻ
|ഗ്രേസ് മാർക്കിൽ അപാകതകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ പുതിയ സമിതി രൂപീകരിച്ചുവെന്നും എൻടിഎ ചെയർമാൻ സുബോദ് കുമാർ സിംഗ് പറഞ്ഞു.
ഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം നിഷേധിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. എൻടിഎ സുതാര്യമായ ഏജൻസി ആണ്. ആറ് പരീക്ഷകേന്ദ്രങ്ങളിലാണ് സമയക്രമത്തിൻ്റെ പരാതി ഉയർന്നത്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. ഗ്രേസ് മാർക്കിൽ അപാകതകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ പുതിയ സമിതി രൂപീകരിച്ചുവെന്നും എൻടിഎ ചെയർമാൻ സുബോദ് കുമാർ സിംഗ് പറഞ്ഞു.
സമയം കിട്ടാത്തവർക്ക് സുപ്രിം കോടതിയുടെ നേരത്തേയുള്ള നിർദ്ദേശമനുസരിച്ചാണ് ഗ്രേസ് മാർക്ക് നൽകിയത്. ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയത് ഗ്രേസ് മാർക്ക് കാരണമാണ്. 44 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതോടെ മുഴുവൻ മാർക്കും കിട്ടി. ഓരോ വിദ്യാർത്ഥിക്കും ഗ്രേസ് മാർക്ക് നൽകിയത് വ്യത്യസ്തമായിട്ടാണ്. ഹരിയാനയിലെ 1600 വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകിയത്.
ഗ്രേസ് മാർക്കിൽ അപാകതകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ മുൻ യുപിഎസി ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം സമിതി റിപ്പോർട്ട് നൽകും. മുൻ ചെയർമാന്റെ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും എൻടിഎ ചെയർമാൻ അറിയിച്ചു.
നീറ്റ് റിസൾട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടു വിദ്യാർഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് അസ്വാഭാവികമായി ലഭിച്ചതിനെ തുടർന്നാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയരുന്നത്.
നീറ്റ് പരീക്ഷയിൽ 180 ചോദ്യങ്ങൾക്കാണ് വിദ്യാർത്ഥികൾ ഉത്തരമെഴുതേണ്ടത്. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയാൽ പരമാവധി 720 മാർക്കാണ് ലഭിക്കുക. ഒരു ചോദ്യം ഒഴിവാക്കിയാൽ നാലു മാർക്ക് കുറയും.716 മാർക്ക് ലഭിക്കും.ഒരു ചോദ്യത്തിനുള്ള ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്ക് കൂടി കിഴിച്ച് 715 മാർക്കാണ് ലഭിക്കുക. എന്നാൽ രണ്ടു വിദ്യാർത്ഥികൾക്ക് 718 ഉം 719 ഉം മാർക്ക് ലഭിച്ചതായി നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലത്തിൽ കാണുന്നുണ്ടെന്നും പരാതിയിൽ വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകിയിരുന്നു. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും പരീക്ഷയ്ക്ക് ആവശ്യമായ സമയം ലഭിക്കാതിരുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് സാധാരണ ലഭിക്കാനിടയില്ലാത്ത 718, 719 മാർക്കുകൾ ലഭിച്ചതെന്നുമാണ് ഏജൻസിയുടെ വാദം.
സംഭവത്തിൽ കല്കട്ട ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. പത്തു ദിവസത്തിനകം എൻടിഎ വിശദീകരണം നൽകണമെന്നാണ് ഉത്തരവ്.