![Uttarakhand,Nurse killed,rape and murder case,latest national news,ഉത്തരാഖണ്ഡ്, നഴ്സിന്‍റെ കൊലപാതകം, Uttarakhand,Nurse killed,rape and murder case,latest national news,ഉത്തരാഖണ്ഡ്, നഴ്സിന്‍റെ കൊലപാതകം,](https://www.mediaoneonline.com/h-upload/2024/08/16/1438391-rape-case.webp)
' ബലാത്സംഗത്തിന് ശേഷം കഴുത്തു ഞെരിച്ചു, ഇഷ്ടികകൊണ്ട് തല തകർത്തു '; ഉത്തരാഖണ്ഡിൽ നഴ്‌സിനെ കൊന്നത് അതിക്രൂരമായെന്ന് പൊലീസ്
![](/images/authorplaceholder.jpg?type=1&v=2)
28 കാരനായ പ്രതിയെ രാജസ്ഥാനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്
ലഖ്‌നൗ: ഉത്തരാഖണ്ഡിൽ ജോലി കഴിഞ്ഞ് പോകുകയായിരുന്ന നഴ്‌സിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് റിപ്പോർട്ട്. യു.പി സ്വദേശിനിയായ 33 കാരിയായ നഴ്‌സിനെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ശേഷം ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു.
നഴ്‌സിന്റെ തല ഇഷ്ടിക കൊണ്ട് അടിച്ചുതകർക്കുകയും കൈയിലുണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണുമായി പ്രതി കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു. കേസിൽ പ്രതിയായ യു.പിയിലെ ബറേലി സ്വദേശി ധർമേന്ദ്ര കുമാറിനെ (28 ) രാജസ്ഥാനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 31 നാണ് നഴ്‌സിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരി പൊലീസിന് പരാതി നൽകിയത്. തുടർന്ന്, അന്വേഷണത്തിനായി സിറ്റി പൊലീസിന്റെയും സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഉദ്യോഗസ്ഥരുടെയും നാല് ടീമുകളെ നിയോഗിച്ചു. യുവതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ നിരീക്ഷിക്കുകയും പ്രദേശത്തുടനീളമുള്ള 500 ലധികം സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതായി എസ്എസ്പി മഞ്ജുനാഥ് പറഞ്ഞു.
ആഗസ്റ്റ് 8 ന്, ദിബ്ദിബയിൽ നിന്ന് വസുന്ധര കോളനിയിലേക്കുള്ള റോഡിന് സമീപത്ത് നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രതിക്കായി ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ വലവിരിച്ചു. ഒടുവില്‍ പ്രതി പിടിയിലാകുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ, ജൂലൈ 31 ന് രാത്രി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നഴ്‌സിനെ ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചു. അറസ്റ്റിലായ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് പറയുന്നു.