യു.പിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ ഒ.ബി.സി സംവരണം; ഹൈക്കോടതി ഉത്തരവിന് സ്റ്റേ
|സുപ്രിംകോടതി ഉത്തരവോടെ മാർച്ച് 31 വരെ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായി.
ന്യൂഡൽഹി: യു.പിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒ.ബി.സി സംവരണം ഏർപ്പെടുത്തിയതിനെതിരായ അലഹബാദ് ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ. ഒ.ബി.സി സംവരണമില്ലാതെ ജനുവരിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്ന ഉത്തരവിനാണ് സ്റ്റേ.
ഹൈക്കോടതി ഉത്തരവിനെതിരെ യു.പി സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് സുപ്രിംകോടതി നടപടി. ഉത്തർപ്രദേശിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒ.ബി.സി സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ ഇത് തെരഞ്ഞെടുപ്പ് അനന്തമായി നീളാൻ കാരണമാകും എന്ന് ചൂണ്ടിക്കാട്ടി ചിലർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ, ഒ.ബി.സി സംവരണമില്ലാതെ ജനുവരിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ഇതാണ് ഇപ്പോൾ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. സുപ്രിംകോടതി ഉത്തരവോടെ മാർച്ച് 31 വരെ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായി.
ഒ.ബി.സി സംവരണം നടപ്പാക്കിയ ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് സുപ്രിംകോടതി നിർദേശം. മാർച്ച് 31ന് മുമ്പായി ഒ.ബി.സി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. 2022 ഡിസംബര്‍ 27നാണ് യോഗി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായത്.