തെരഞ്ഞെടുപ്പ് തോല്‍വി; ഒഡിഷ കോണ്‍ഗ്രസ് നേതാവ് രാജിവച്ചു
|നിയമസഭയിലും പാർലമെൻ്റ് തെരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച സീറ്റുകൾ ലഭിക്കാത്തതിൻ്റെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി ചരണ്‍ദാസ്
ഭുവനേശ്വര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒഡിഷയിലുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭക്ത ചരൺ ദാസ് ഒഡിഷ കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചു. നിയമസഭയിലും പാർലമെൻ്റ് തെരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച സീറ്റുകൾ ലഭിക്കാത്തതിൻ്റെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.
" ഞാൻ കഠിനമായി പരിശ്രമിച്ചു, പക്ഷേ നിർഭാഗ്യവശാൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ ബഹുമാനപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ, രാഹുൽ ഗാന്ധി, എ.ഐ.സി.സിയുടെ മറ്റ് മുതിർന്ന നേതാക്കൾ എന്നിവരിൽ നിന്ന് ലഭിച്ച പിന്തുണക്കും സഹകരണത്തിനും നന്ദി'' ദാസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളില്‍ ഒരു സീറ്റ് മാത്രമാണ് ഒഡിഷയില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. 20 സീറ്റുകളാണ് ബി.ജെ.പി തൂത്തുവാരിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 147 സീറ്റുകളിൽ 78 സീറ്റുകൾ നേടി ബി.ജെ.പി വിജയിച്ചപ്പോൾ കോൺഗ്രസ് 14 സീറ്റുകളിൽ മാത്രം ഒതുങ്ങി.