വിജിലൻസ് റെയ്ഡിനെത്തി; 20 ലക്ഷം ബാഗിൽ നിറച്ച് അയൽവാസിയുടെ ടെറസിലേക്കെറിഞ്ഞ് എഞ്ചിനീയർ
|വിജിലൻസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ പരിഭ്രാന്തനായ പ്രതാപ് കുമാർ രക്ഷപ്പെടാനായി പണം ബാഗിൽ നിറച്ച് ടെറസിലേക്ക് എറിയുകയായിരുന്നു. ഈ പണം വിജിലൻസ് പിടിച്ചെടുത്തു.
വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയപ്പോൾ രക്ഷപ്പെടാൻ കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപ ബാഗിൽ നിറച്ച് അയൽവാസിയുടെ ടെറസിലേക്ക് എറിഞ്ഞ് എഞ്ചിനീയർ. ഒഡീഷയിലെ പൊലീസ് ഹൗസിങ് ആൻഡ് വെൽഫെയർ കോർപറേഷന്റെ ഡെപ്യൂട്ടി മാനേജർ പ്രതാപ് കുമാർ സമൽ ആണ് പണം നിറച്ച ബാഗ് അടുത്ത കെട്ടിടത്തിലേക്ക് എറിഞ്ഞത്.
വിജിലൻസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ പരിഭ്രാന്തനായ പ്രതാപ് കുമാർ രക്ഷപ്പെടാനായി പണം ബാഗിൽ നിറച്ച് ടെറസിലേക്ക് എറിയുകയായിരുന്നു. ഈ പണം വിജിലൻസ് പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച 18 ലക്ഷം രൂപയും കണ്ടെത്തി.
പ്രതാപ് കുമാർ സമലിന്റെ അനധികൃത സ്വത്തിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് റെയ്ഡിനെത്തിയത്. ഭുവനേശ്വറിലെയും ഭദ്രാക്കിലെയും 10 വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. റെയ്ഡ് പുരോഗമിക്കുന്നതിനാൽ അനധികൃത സ്വത്തുവകകളുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ലെന്ന് വിജിലൻസ് അറിയിച്ചു.