India
Odisha School Where Crash Victims Bodies Were Kept Demolished
India

കുട്ടികൾക്ക് ഭയം; ഒഡീഷ ദുരന്തത്തിലെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിച്ചു

Web Desk
|
9 Jun 2023 1:13 PM GMT

ഇന്നലെ ബാലസോർ ജില്ലാ കലക്ടർ ദത്താത്രയ ഭൗസാഹേബ് ഷിൻഡെ സ്‌കൂൾ സന്ദർശിച്ചിരുന്നു.

ഭുവനേശ്വർ: രാജ്യത്തെ നടക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി. ബഹനാഗ നോഡൽ സ്‌കൂളാണ് അധികൃതർ പൊളിച്ചുനീക്കിയത്. സർക്കാർ സ്‌കൂളായ ഇവിടുത്തെ ക്ലാസ് മുറികളായിരുന്നു താൽക്കാലിക മോർച്ചറികളാക്കിയത്. സ്‌കൂളിലേക്ക് പോകില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളും വിദ്യാർഥികളും ചില അധ്യാപകരും രംഗത്തെത്തിയതോടെയാണ് തീരുമാനം.

ഇതോടെ 65 വർഷം പഴക്കമുള്ള സ്കൂൾ പൊളിക്കാൻ ഹെഡ്മിസ്ട്രസ് അടക്കമുള്ളവർ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ബഹാനാഗയിൽ ജൂൺ രണ്ടിനായിരുന്നു മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 288 യാത്രക്കാർ കൊല്ലപ്പെട്ടത്. കെട്ടിടം ഇപ്പോൾ സുരക്ഷിതമല്ലെന്നും മൃതദേഹം സൂക്ഷിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ബുദ്ധിമുട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

'ചെറിയ കുട്ടികളൊക്കെ ആകെ ഭയപ്പാടിലാണ്'- സ്കൂൾ ഹെഡ്മിസ്ട്രസ് പ്രമിള സ്വയ്ൻ പറഞ്ഞു. കുട്ടികളുടെയും രക്ഷിതാക്കളുടേയും ഭയം ഇല്ലാതാക്കാൻ ആത്മീയ പരിപാടികളും ചില ആചാരങ്ങളും നടത്താൻ പദ്ധതിയിട്ടിരുന്നതായി സ്വയ്ൻ വ്യക്തമാക്കി. ട്രെയിൻ അപകടത്തിന്റെ രക്ഷാപ്രവർത്തനത്തിൽ സ്കൂളിലെ ചില സീനിയർ വിദ്യാർഥികളും എൻസിസി കേഡറ്റുകളും പങ്കെടുത്തിരുന്നതായും പ്രധാനാധ്യാപിക വിശദമാക്കി.

ഇന്നലെ ബാലസോർ ജില്ലാ കലക്ടർ ദത്താത്രയ ഭൗസാഹേബ് ഷിൻഡെ സ്‌കൂൾ സന്ദർശിച്ചിരുന്നു. 'ഞാൻ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, ഹെഡ്മിസ്ട്രസ്, മറ്റ് ജീവനക്കാർ, നാട്ടുകാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കുട്ടികൾക്ക് ക്ലാസുകളിൽ ഇരിക്കാൻ ഭയമാണെന്ന് പറഞ്ഞ അവർ സ്കൂൾ പൊളിച്ച് നവീകരിക്കാനും അഭ്യർഥിച്ചു'- അദ്ദേഹം പറഞ്ഞു.

അതേസമയം, ഭയവും അന്ധവിശ്വാസവും പ്രചരിപ്പിക്കരുതെന്നും കലക്ടർ അഭ്യർഥിച്ചു. യുവ മനസുകളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവിച്ചതിന്റെ യാഥാർഥ്യം അംഗീകരിച്ച് മുന്നോട്ട് പോകണമെന്നും വിദ്യാർഥികൾക്കും അധ്യാപകർക്കും വിദഗ്ധ കൗൺസിലിങ് നൽകുമെന്നും സ്‌കൂൾ ആൻഡ് മാസ് എജ്യുക്കേഷൻ സെക്രട്ടറി എസ് അശ്വതി പറഞ്ഞു.

വേനലവധി കഴിഞ്ഞ് ജൂൺ 16നാണ് സ്‌കൂൾ തുറക്കുന്നത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 500 മീറ്റർ ദൂരം മാത്രമാണ് ബഹനാഗ നോഡൽ ഹൈസ്‌കൂളുള്ളത്. അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തകർ കിട്ടിയ മൃതദേഹങ്ങളെല്ലാം ആദ്യം സൂക്ഷിച്ചതും ഈ സ്‌കൂളിലായിരുന്നു. പിന്നീടാണ് ബാലസോറിലെയും ഭുവനേശ്വറിലെയും ആശുപത്രികളിലെ മോർച്ചറികളിലേക്ക് മാറ്റിയത്.

ആറ് ക്ലാസ് മുറികളിലും ഹാളുകളിലുമായിരുന്നു മൃതദേഹങ്ങൾ കിടത്തിയിരുന്നത്. എന്നാൽ എല്ലാ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സ്‌കൂളും ക്ലാസ് മുറികളും പലതവണ വൃത്തിയാക്കിയിരുന്നു. എന്നാൽ അന്നത്തെ നടുക്കുന്ന ദൃശ്യങ്ങൾ നാട്ടുകാരായ വിദ്യാർഥികളുടെയും അധ്യാപകരുടെയും മനസിൽ നിന്ന് മാഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ചിലരാകട്ടെ അന്ധവിശ്വാസത്തിന്റെ പുറത്താണ് സ്‌കൂളിലേക്ക് പോകാൻ മടിക്കുന്നത്.



Similar Posts