ഒഡീഷ ട്രെയിൻ ദുരന്തം: റെയിൽവേ മന്ത്രിയോട് പ്രധാനമന്ത്രി രാജി ആവശ്യപ്പെടണമെന്ന് കോൺഗ്രസ്
|ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് അപകടം ഉണ്ടായതെന്നും രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് അശ്വിനി വൈഷ്ണവിന്റെ നിലപാട്
ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം. അവഗണന കൊണ്ടുണ്ടായ മനുഷ്യനിർമിത ദുരന്തമാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ രാജിവെക്കില്ലെന്ന നിലപാടിലാണ് കേന്ദ്രമന്ത്രി. റെയിൽവേ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷ പാർട്ടികൾ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രസർക്കാരിന് ഒഴിയാനാവില്ല. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനെപ്പറ്റി പ്രധാനമന്ത്രി പഠിക്കണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേഡ ആവശ്യപ്പെട്ടു.
രാജ്യത്ത് മുമ്പ് നടന്ന ട്രെയിൻ അപകടങ്ങളെ തുടർന്ന് മന്ത്രിമാർ രാജിവെച്ചത് അശ്വിനി വൈഷ്ണവ് ഓർക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. എന്നാൽ, ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് അപകടം ഉണ്ടായതെന്നും രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിലപാട്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അപകടത്തിന്റ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ലെന്ന് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ എംപി വിമർശിച്ചു.