India
Odisha train accident death toll 281
India

ഒഡീഷ ട്രെയിൻ അപകടത്തിൽ മരണം 288 ആയി; പരിക്കേറ്റ 56 പേരുടെ നില ഗുരുതരം

Web Desk
|
4 Jun 2023 12:45 AM GMT

നിസാര പരിക്കുകളേറ്റ 293 യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി. ഇവർക്ക് അടിയന്തര വൈദ്യസഹായം നൽകിക്കൊണ്ടിരിക്കുകയാണ്.

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 288 ആയി. 747 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷാദൗത്യം പൂർത്തിയാക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ദുരന്ത ഭീതി വിട്ടുമാറാത്ത ജനങ്ങൾ, ട്രെയിൻ പാളങ്ങളിൽ ചിന്നി ചിതറി കിടക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ, യാത്രക്കാരുടെ ബാഗുകൾ, ഭക്ഷണപദാർത്ഥങ്ങൾ, തലകീഴായി മറിഞ്ഞും തകർന്നടിഞ്ഞും കിടക്കുന്ന ബോഗികൾ. കണ്ണീരോടയല്ലാതെ ഈ ദുരന്ത ഭൂമിയിലെ ദൃശ്യങ്ങൾ കാണാൻ സാധിക്കില്ല.

ബോഗികൾക്കുള്ളിൽ ആരും ഇനി കുടുങ്ങി കിടപ്പില്ല എന്ന പ്രതീക്ഷയോടെ രക്ഷാദൗത്യം പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇനിയും നിരവധി മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. പരിക്കേറ്റവർ നിലവിൽ ബാലസോറിലെ ആശുപത്രികളിലും കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്. ഉന്നതതല അന്വേഷണം നടത്തി അപകട കാരണം കണ്ടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. നിസാര പരിക്കുകളേറ്റ 293 യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി. ഇവർക്ക് അടിയന്തര വൈദ്യസഹായം നൽകിക്കൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അപകടസ്ഥലം സന്ദർശിച്ചിരുന്നു. ആശുപത്രിയിലെത്തി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.


Similar Posts