India
odisha train accident

ഒഡീഷ ട്രയിനപകടത്തിന്‍റെ ദൃശ്യം

India

കണ്ണീര്‍ക്കടലായി ബഹാനഗര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു, റെയിൽവേ മന്ത്രി അപകടസ്ഥലത്തെത്തും

Web Desk
|
3 Jun 2023 1:04 AM GMT

ട്രെയിൻ ബോഗികൾക്കുള്ളിൽ നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ വൻ ട്രെയിൻ ദുരന്തത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. എണ്ണൂറിലേറെ പേർക്ക് പരിക്കേറ്റ അപകടത്തിൽ ട്രെയിൻ ബോഗികൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അപകടസ്ഥലത്തെത്തും.

ഒന്നിനു പിറകെ ഒന്നായി ട്രെയിൻ അപകടങ്ങൾ ഉണ്ടായ ഒഡീഷയിലെ ബഹാനഗർ കണ്ണീർക്കടലായി മാറി.അവസാന ജീവൻ രക്ഷിക്കാനായുള്ള ദൗത്യം ഇപ്പോഴും തുടരുകയാണ്. ട്രെയിൻ ബോഗികൾക്കുള്ളിൽ നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.ബോഗികൾ ഉയർത്തിയാൽ മാത്രമേ തെരച്ചിൽ ഊർജിതമാക്കാൻ സാധിക്കൂ.അപകടം നടന്നത് രാത്രി ആയതിനാൽ ഇരുട്ടുൾപ്പെടെയുള്ള വെല്ലുവിളികൾ രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.എന്നാൽ അപകടം നടന്ന് അധികം വൈകാതെ തന്നെ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ സംഭവസ്ഥലത്തെത്തിയിരുന്നു.ഒഡീഷ ഫയർ സർവീസ് മേധാവി സുധാംശു സാരംഗിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. രക്ഷാപ്രവർത്തനിന് നേതൃത്വം നൽകാനായി മന്ത്രി പ്രമീള മല്ലിക്കിനെയാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‍നായിക്ക് ചുമതലപ്പെടുത്തിയത്.വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.

അതേസമയം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രക്ഷാപ്രവർത്തനത്തനം ഏകോപിപ്പിക്കാനായി പ്രത്യേക സംഘത്തെ ഒഡീഷയിലേക്ക് അയച്ചു.ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഫോണിലും സംസാരിച്ചു. തമിഴ്നാട് ഗതാഗതമന്ത്രി എസ്.എസ്.ശിവശങ്കറും ഒഡീഷയിലെത്തും. അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കുകയും ഏഴ് ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു.ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനവും മാറ്റി.

Similar Posts