'ട്രെയിൻ അപകടത്തിൽ വിദഗ്ധ സമിതി അന്വേഷണം വേണം'; ഹരജി ഇന്ന് സുപ്രിംകോടതിയിൽ
|'കവച്' ഉപയോഗിക്കാത്ത ട്രെയിനുകള്‍ സർവീസ് നടത്താൻ അനുവദിക്കരുതെന്നും ഹരജിയിലുണ്ട്
ന്യൂഡല്‍ഹി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ വിദഗ്ധ സമിതി അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതിയിൽ ഇന്ന് പരാമർശിക്കും . സുപ്രിംകോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയുള്ള അന്വേഷണമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. സുപ്രിംകോടതിയിലെ അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാത്പര്യ ഹരജി നൽകിയിരിക്കുന്നത്.
തീവണ്ടികളുടെ കൂട്ടിയിടി തടയാനുള്ള 'കവച്' ഉപയോഗിക്കുന്നു എന്ന് ഉറപ്പിക്കാതെ ഓരോ ട്രെയിനും സർവീസ് നടത്താൻ അനുവദിക്കരുത് എന്ന് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. റെയിൽവേ നിലവിൽ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണവും സേഫ്റ്റി കമ്മീഷണറുടെ അന്വേഷണവും അപര്യാപ്തമായത് കൊണ്ടാണ് വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്.
അതേസമയം, ഹരജി രജിസ്റ്ററിയിൽ ഫയൽ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ സിബിഐ അന്വേഷണ ശിപാർശയെക്കുറിച്ചു റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. റെയിൽവെ ബോർഡാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തത്. അനുവദനീയമായ വേഗതയിലാണ് അപകടത്തിൽ പെട്ട തീവണ്ടികൾ സഞ്ചരിച്ചിരുന്നതെന്നു റെയിൽവേ ബോർഡ് അംഗം ജയാ വർമ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 13 വർഷത്തിനിടയിൽ സംഭവിച്ച 11 തീവണ്ടി അപകടങ്ങൾ ആധാരമാക്കിയാണ് ഹരജി. ലോക്കോ പൈലറ്റ് ശ്രദ്ധിച്ചില്ലെങ്കിൽ പോലും എതിരെ ട്രെയിൻ വരുന്നുണ്ടെന്നു മനസിലാക്കി രണ്ടു ട്രെയിനുകളിലും ഓട്ടോമാറ്റിക് ആയി ബ്രേക്ക് പ്രവർത്തിക്കുന്ന സംവിധാനമായ കവചിന് മുൻതൂക്കം നൽകുന്നതാണ് പൊതുതാത്പര്യ ഹരജി. സിബിഐ അന്വേഷണ ശിപാർശ വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ ഉന്നത തല അന്വേഷണത്തെ കേന്ദ്രം എതിർക്കാനാണ് സാധ്യത.