ഹിന്ദുത്വ പ്രചാരണം പൊളിഞ്ഞു; ബെംഗളൂരുവിൽ പിടിച്ചെടുത്തത് പട്ടിയിറച്ചിയല്ല, ആട്ടിറച്ചി തന്നെയെന്ന് ഉദ്യോഗസ്ഥർ
|ബംഗളൂരുവിലെ ഹോട്ടലുകളിൽ വിതരണം ചെയ്യാനായി വെള്ളിയാഴ്ച എത്തിച്ച പാഴ്സലുകളിലെ മാംസം പട്ടിയിറച്ചിയാണെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആരോപണം.
ബെംഗളൂരു: ബെംഗളൂരുവിൽ ഹോട്ടലുകളിൽ വിതരണം ചെയ്യാനായി പട്ടിയിറച്ചി കൊണ്ടുവന്നുവെന്ന് ആരോപിച്ച് നടത്തിയ ഹിന്ദുത്വ പ്രചാരണം പൊളിഞ്ഞു. ജയ്പ്പൂരിൽ നിന്നെത്തിച്ച 2700 കിലോ ഇറച്ചി ആട് മാംസം ആണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആട്ടിറച്ചിയെന്ന വ്യാജേന 90 പാക്കറ്റുകളിലായി കൊണ്ടുവന്നത് പട്ടിയിറച്ചിയാണെന്ന് ആരോപിച്ച് ഹിന്ദുത്വവാദികൾ പ്രതിഷേധിക്കുകയും കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് പേജിലൂടെയടക്കം വ്യാജ പ്രചാരണം നടക്കുകയും ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം വ്യാപകമാവുകയും ചെയ്തിരുന്നു.
രാജസ്ഥാനിൽ നിന്നുള്ള സിരോഹി ഇനത്തിൽപെട്ട ആടിന്‍റെ ഇറച്ചിയാണ് എത്തിച്ചതെന്ന് ഫുഡ് സേഫ്റ്റി കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു. 'രാജസ്ഥാനിലും ഗുജറാത്തിലെ കച്ച്-ഭുജ് മേഖലകളിലും കൂടുതലായി കാണുന്ന ഇനമാണിത്. ഇവയ്ക്ക് സാധാരണയേക്കാൾ നീണ്ട വാലുകളാണുണ്ടാവുക. അതുകൊണ്ടാണ് പട്ടിയുടെ വാലാണോയെന്ന് സാമ്യം തോന്നുന്നത്. പരിശോധിച്ച മാംസത്തിലൊന്നും പട്ടിയിറച്ചിയല്ല'- അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവിലെ ഹോട്ടലുകളിൽ വിതരണം ചെയ്യാനായി വെള്ളിയാഴ്ച എത്തിച്ച പാഴ്സലുകളിലെ മാംസം പട്ടിയിറച്ചിയാണെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആരോപണം. ഗോരക്ഷാ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ പുനീത് കേരെഹള്ളിയുടെ നേതൃത്വത്തിൽ ഒരു സംഘം ഹിന്ദുത്വവാദികൾ റെയിൽവേ സ്റ്റേഷനിലെത്തി മാംസം പട്ടിയിറച്ചിയാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. അബ്ദുൽ റസാഖ് എന്ന മാംസ വ്യാപാരിയുടെ പേരിലാണ് പാഴ്സൽ എത്തിയത്.
പൊതുസ്ഥലത്ത് അനധികൃതമായി സംഘം ചേർന്നതിന് പുനീതിനും നാല് കൂട്ടാളികൾക്കും എതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതോടെ, തീവ്ര ഹിന്ദുത്വവാദികളായ ചിലർ വ്യാപക വിദ്വേഷ പ്രചാരണത്തിന് തുടക്കമിടുകയായിരുന്നു. തുടർന്നാണ്, ബിജെപി കർണാടക എക്സ് പേജിലും വ്യാജ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
'ബെംഗളൂരു പട്ടിയിറച്ചി ക്രമക്കേട്. സ്‌നേഹത്തിന്റെ കടയിൽ ചെന്ന് നിങ്ങൾ മട്ടൻ ചോദിച്ചാൽ അതിനു പകരം ബാർക്-ബി ക്യൂ കിട്ടും. ബെംഗളൂരുവിൽ പട്ടിയിറച്ചി വിതരണം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. ദിനേന ആയിരക്കണക്കിന് കിലോയാണ് ഇറക്കുമതി ചെയ്യുന്നത്. കോൺഗ്രസ് നേതാവ് അബ്ദുൽ റസാഖ് ഖൻ ആണ് ഇറക്കുമതി കൈകാര്യം ചെയ്യുന്നത്'- എന്നായിരുന്നു ബി.ജെ.പി കർണാടക എക്‌സ് പേജിൽ വന്ന ട്വീറ്റ്. ഈ ട്വീറ്റ് പിന്നീട് അപ്രത്യക്ഷമായി.
വെള്ളിയാഴ്ച വൈകീട്ട് ട്രെയിനിൽ എത്തിയ 90 പാഴ്സലുകളിലാണ് ആടിന്റെ മാംസമുണ്ടായിരുന്നത്. ഇതിൽ പട്ടിയിറച്ചിയുമുണ്ടെന്ന ആക്ഷേപമാണ് ഉയർന്നതെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് പറഞ്ഞു. പിന്നാലെ ഹിന്ദുത്വവാദികൾ പ്രതിഷേധവുമായി രംഗത്തുവന്നതോടെ പൊലീസ് സംഘത്തിന്റെ സംരക്ഷണയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അവിടെ നിന്നുതന്നെ മാംസം പിടിച്ചെടുക്കുകയായിരുന്നു. ഇത് പിന്നീട് പരിശോധനക്കയച്ചപ്പോഴാണ് ആട്ടിറച്ചി തന്നെയാണെന്ന് തെളിഞ്ഞത്.
അതേസമയം, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് പുനീത് കേരെഹള്ളിയെയും കൂട്ടാളികളെയും കോട്ടൻപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് അനധികൃതമായി സംഘം ചേർന്നതിന് ഇവർക്കെതിരെ മറ്റൊരു എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.