India
ഭിക്ഷയെടുത്ത് കിട്ടിയ പണം ശ്രീലങ്കയ്ക്ക്; ഒരു ജനതയുടെ പട്ടിണിമാറ്റാൻ യാചകന്‍റെ കൈത്താങ്ങ്
India

ഭിക്ഷയെടുത്ത് കിട്ടിയ പണം ശ്രീലങ്കയ്ക്ക്; ഒരു ജനതയുടെ പട്ടിണിമാറ്റാൻ യാചകന്‍റെ കൈത്താങ്ങ്

Web Desk
|
18 May 2022 4:18 AM GMT

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ വാക്കുകൾ സംഭാവന നൽകാൻ പ്രേരണയായെന്നും പാണ്ഡ്യൻ പറയുന്നു

ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് കൈത്താങ്ങാകാന്‍ തമിഴ് യാചകന്‍. ഭിക്ഷയെടുത്ത് കിട്ടിയ പണം ശ്രീലങ്ക സാമ്പത്തിക നിധിയിലേക്ക് കൈമാറിയാണ് എഴുപതുകാരനായ എം. പൂല്‍ പാണ്ഡ്യന്‍ കയ്യടിനേടുന്നത്. ഡിണ്ടിഗൽ കലക്ടറുടെ ജനസമ്പർക്ക പരിപാടിയിത്തിലെത്തിയാണ് തൂത്തുക്കുടി സ്വദേശിയായ പാണ്ഡ്യന്‍ 10,000 രൂപ കൈമാറിയത്.

ശ്രീലങ്കയിലെ തമിഴ് ജനതയുടെ കഷ്ടപ്പാട് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് പാണ്ഡ്യന്‍ പണവുമായി കലക്ടറേറ്റിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം പാണ്ഡ്യനെ തടഞ്ഞെങ്കിലും കലക്ടറെ കണ്ട് തുക കൈമാറാന്‍ അദ്ദേഹത്തിന് സാധിച്ചു. ശ്രീലങ്കന്‍ ജനതയെ സഹായിക്കാന്‍ ആവുന്നത് ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പൊതുജനത്തോട് ആഹ്വാനം ചെയ്തിരുന്നെന്നും ഇതാണ് തുക കൈമാറാന്‍ പ്രേരിപ്പിച്ചതെന്നും പാണ്ഡ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീലങ്കയുടെ ദുരിതാശ്വാസത്തിനായി 50,000 രൂപ മധുര കലക്ടര്‍ക്ക് കൈമാറിയതായും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്കും തമിഴ്നാട്ടിലെ 400 സർക്കാർ സ്കൂളുകൾക്കു പ്രാഥമിക സൗകര്യങ്ങളൊരുക്കാനും സംഭാവന നല്‍കിയതായി പാണ്ഡ്യന്‍ പറയുന്നു. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ തീർഥാടന കേന്ദ്രങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഭിക്ഷാടനം നടത്തിയാണ് പാണ്ഡ്യന്‍റെ ഉപജീവനം.

Similar Posts