ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം; ഓം ബിർള എൻഡിഎ സ്ഥാനാർഥി, പ്രതിപക്ഷത്ത് നിന്ന് കൊടിക്കുന്നിൽ
|മത്സരമില്ലാതെ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ സ്പീക്കറെ തെരഞ്ഞെടുത്തിരുന്നത്
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. ഓം ബിർളയാണ് എൻഡിഎയുടെ സ്ഥാനാർഥി. പ്രതിപക്ഷത്ത് നിന്ന് കൊടിക്കുന്നിൽ സുരേഷും മത്സരിക്കും. ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്.
മത്സരമൊഴിവാക്കണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകണമെന്നായിരുന്നു പ്രതിപക്ഷം മുന്നോട്ടു വച്ച ആവശ്യം. ഇതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പ്രതിപക്ഷം മത്സരത്തിനിറങ്ങുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. മത്സരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വിളിച്ചെങ്കിലും ചർച്ചയിൽ സമവായമുണ്ടായില്ല. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകണമെന്ന നിലപാടിലുറച്ച് നിൽക്കുകയായിരുന്നു ഖാർഗെ.
എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ ഡെപ്യൂട്ടി സ്പീക്കർ ആക്കാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർഥിയായി അദ്ദേഹം മത്സരിക്കുമെന്നായിരുന്നു ഇൻഡ്യാ മുന്നണിയുടെ നിലപാട്. നേതൃത്വവുമായി സംസാരിച്ച ശേഷം തിരികെ വിളിക്കാമെന്ന് രാജ്നാഥ് സിങ് അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പത്രിക പൂരിപ്പിക്കാൻ കൊടിക്കുന്നിലിന് എഐസിസി നിർദേശം നൽകി.
ഇതിനിടയിലാണ് ഓം ബിർളയെ സ്ഥാനാർഥിയാക്കി എൻഡിഎ പ്രഖ്യാപനം നടത്തുന്നത്. അപ്പോൾ പോലും ഡെപ്യൂട്ടി സ്ഥാനത്തിൽ തീരുമാനമായില്ല. നാമനിർദേശപത്രിക സമർപ്പിക്കേണ്ട സമയം കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാക്കളുമായി രാജ്നാഥ് സിങ്ങിന്റെ ചർച്ച തുടർന്നു. ഏറ്റവുമൊടുവിൽ കെസി വേണുഗോപാലുമായി നടത്തിയ ചർച്ചയിലും തീരുമാനമാകാഞ്ഞതോടെ കൊടിക്കുന്നിലിനെ മത്സരിപ്പിക്കാൻ ഇൻഡ്യാ മുന്നണി തീരുമാനിക്കുകയായിരുന്നു. തുടർന്ന് പത്രികയുമായി കൊടിക്കുന്നിൽ പ്രോടേം സ്പീക്കറെ സമീപിച്ചു.
ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകണമെന്ന ആവശ്യം ബിജെപിയിലെ ഒരു വിഭാഗവും ഉയർത്തിയിരുന്നു. സമവായ സാധ്യത ഉപയോഗിച്ച് മത്സരമൊഴിവാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി തന്നെയാണ് രാജ്നാഥ് സിങ് അടക്കമുള്ളവരെ ബിജെപി നിയോഗിച്ചിരുന്നതും. സമവായ നീക്കവുമായി ഖാർഗയെ കൂടാതെ മറ്റ് പ്രതിപക്ഷനേതാക്കളെയും രാജ്നാഥ് സിങ് സമീപിച്ചിരുന്നു.
സഭയിലെ മുതിർന്ന അംഗത്തിനെയാണ് പ്രോടേം സ്പീക്കറായി പരിഗണിക്കുക എന്നിരിക്കെ ഈ പദവി കൊടിക്കുന്നിലിന് നിഷേധിച്ചതാണ് അദ്ദേഹത്തെ തന്നെ സ്പീക്കർ സ്ഥാനാർഥിയാക്കാനുള്ള ഇൻഡ്യാ മുന്നണിയുടെ നീക്കത്തിന് പിന്നിൽ. എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ പ്രോടേം സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ വലിയ വിവാദം ഉടലെടുത്തിരുന്നു. കൊടിക്കുന്നിൽ ദലിതനായതിനാൽ മനപ്പൂർവം തഴഞ്ഞതാണെന്നാണ് കോൺഗ്രസിന്റെ വാദം. അർഹമായ പരിഗണന കിട്ടാത്ത സാഹചര്യമുണ്ടായതോടെ ഇതിന് മറുപടിയെന്നോണം തന്നെയാണ് സ്പീക്കർ സ്ഥാനത്തേക്ക് കൊടിക്കുന്നിലിനെ മത്സരിപ്പിച്ച് ഇൻഡ്യാ മുന്നണിയുടെ നീക്കം.
മോദി ഭരണത്തിന്റെ ഒന്നാമൂഴത്തിൽ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കായിരുന്നു ഡെപ്യൂട്ടി സ്പീക്കർ പദവി. 2019-24 വർഷത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി ഉണ്ടായിരുന്നില്ല. രണ്ട് യുപിഎ സര്ക്കാറുകളുടെ കാലത്തും ബിജെപിക്ക് ഡെപ്യൂട്ടി സ്പീക്കര് പദവി നല്കിയിരുന്നു.