'ഞങ്ങൾക്കൊരു പ്രശ്‌നം വന്നപ്പോൾ അവർ എവിടെയായിരുന്നു?'; പ്രതിപക്ഷ സഖ്യവുമായി സഹകരിക്കില്ലെന്ന് ഉമർ അബ്ദുല്ല
|ജൂൺ 23-ന് പട്‌നയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗത്തിൽ പങ്കെടുക്കില്ലെന്നും ഉമർ അബ്ദുല്ല വ്യക്തമാക്കി.
ശ്രീനഗർ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിക്കുന്ന പ്രതിപക്ഷ സഖ്യവുമായി സഹകരിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല. കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ ഭൂരിഭാഗം പ്രതിപക്ഷ പാർട്ടികളും മൗനം പാലിക്കുകയായിരുന്നു. അവരുമായി എന്തിന് സഹകരിക്കണമെന്നും ഉമർ അബ്ദുല്ല ചോദിച്ചു.
ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ സഖ്യചർച്ചകൾ നടത്തുന്നതിൽ അർഥമില്ല. ആകെ അഞ്ച് ലോക്‌സഭാ സീറ്റുകൾ മാത്രമാണ് ഇവിടെയുള്ളത്. ഈ സീറ്റുകളിൽ ബി.ജെ.പിക്കെതിരെ പോരാടുന്നതിനാണ് പ്രാഥമിക പരിഗണന നൽകുന്നത്. ജമ്മുകശ്മീരിന് പുറത്ത് എന്ത് സംഭവിക്കുന്നു എന്നത് പിന്നീട് ആലോചിക്കേണ്ട കാര്യമാണെന്നും ഉമർ അബ്ദുല്ല പറഞ്ഞു.
ഇപ്പോൾ രൂപീകരിക്കുന്ന പ്രതിപക്ഷ സഖ്യംകൊണ്ട് ജമ്മുകശ്മീരിന് ഒരു ഉപകാരവുമില്ല. അവർക്ക് ആവശ്യമുള്ളപ്പോൾ തങ്ങളുടെ വാതിലിൽ മുട്ടും. കെജരിവാളിന് പ്രശ്‌നമുണ്ടായപ്പോൾ അദ്ദേഹം തങ്ങളുടെ പിന്തുണ തേടുന്നു. എന്നാൽ 2019-ൽ തങ്ങൾ വലിയ വഞ്ചന നേരിട്ടപ്പോൾ ഈ നേതാക്കൾ എവിടെയായിരുന്നു എന്നും ഉമർ അബ്ദുല്ല ചോദിച്ചു. ഡി.എം.കെ, ടി.എം.സി, രണ്ട് ഇടത് പാർട്ടികൾ എന്നീ നാല് പാർട്ടികൾ മാത്രമാണ് അന്ന് തങ്ങളെ പിന്തുണച്ചതെന്നും ഉമർ അബ്ദുല്ല പറഞ്ഞു.
ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് ബി.ജെ.പി തെരഞ്ഞെടുപ്പിന് ഒരുങ്ങിയിട്ടില്ല എന്നതിന്റെ തെളിവാണ്. അവർ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞാൽ സ്വാഭാവികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 23-ന് പട്‌നയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗത്തിൽ പങ്കെടുക്കില്ലെന്നും ഉമർ അബ്ദുല്ല വ്യക്തമാക്കി.