മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ; രാജ്യത്തെ രോഗികളുടെ എണ്ണം 23 ആയി
|ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ 37കാരനും അമേരിക്കയിൽ നിന്നെത്തിയ 36കാരനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും അമേരിക്കയിൽ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ 37കാരനും അമേരിക്കയിൽ നിന്നെത്തിയ 36കാരനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതോടെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 23 ആയി.
അതേസമയം, ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാ സഹോദരനും കോവിഡ് പോസിറ്റിവ് ആയി. ഇവരുടെ സാംപിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചു. സിംബാബ്വെയിൽ നിന്നു മടങ്ങിയെത്തിയ എഴുപത്തിരണ്ടുകാരന് ശനിയാഴ്ചയാണ്, കോവിഡിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. അറ്റ് റിസ്‌ക് കാറ്റഗറിയിൽ പെടുത്തിയിട്ടുള്ള ആഫ്രിക്കൻ രാജ്യത്തുനിന്നു വന്ന ഇദ്ദേഹവും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. രണ്ടു വാക്സിനും എടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഭാര്യ ഇദ്ദേഹത്തോടൊപ്പം സിംബാബ്വെയിൽ നിന്നു വന്നതാണ്. സഹോദരൻ ജാംനഗറിൽ സ്ഥിരതാമസക്കാരനും. കുടുംബത്തിലെ മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ജാംനഗർ തദ്ദേശ ഭരണ അധികാരികൾ പറഞ്ഞു.