India
രണ്ട് ദിവസം പരിശോധിച്ച കോവിഡ് സാമ്പിളുകളില്‍ 84 ശതമാനവും ഒമിക്രോൺ; ഡൽഹി വീണ്ടും ഭീതിയിൽ
India

രണ്ട് ദിവസം പരിശോധിച്ച കോവിഡ് സാമ്പിളുകളില്‍ 84 ശതമാനവും ഒമിക്രോൺ; ഡൽഹി വീണ്ടും ഭീതിയിൽ

Web Desk
|
3 Jan 2022 10:07 AM GMT

ഡിസംബർ 30, 31 ദിവസങ്ങളിലെ സാമ്പിളുകളാണ് ജനിതക ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കിയത്

ഡല്‍ഹിയില്‍ രണ്ടു ദിവസങ്ങളിലായി പരിശോധിച്ച കോവിഡ് സാമ്പിളുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദം. ഡിസംബർ 30, 31 ദിവസങ്ങളിലെ സാമ്പിളുകളാണ്​ ജനിതക ശ്രേണീകരണ പരിശോധനക്ക്​ വിധേയമാക്കിയത്. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇക്കാര്യമറിയിച്ചത്.

പുതുതായി 4,000ത്തോളം പേർക്ക്​ ഡൽഹിയിൽ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗസ്ഥിരീകരണനിരക്ക്​ ആറുശതമാനമായി ഉയർന്നു. കഴിഞ്ഞ ഏഴരമാസത്തെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്കാണിതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ ആശുപത്രികളിലെ കിടക്ക സൗകര്യം പരിമിതമാണെന്ന് മുന്നറിയിപ്പ് നല്‍കിയ മന്ത്രി ഈയാഴ്ച കോവിഡ് കേസുകളുടെ എണ്ണം ഉയർന്നേക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിയന്ത്രണം കടുപ്പിച്ചിരുന്നു. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്​ തിയറ്ററുകൾ, മാളുകൾ എന്നിവയ്ക്കുമേല്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്.

അതേസമയം, രാജ്യത്ത് ആകെ ഒമിക്രോൺ കേസുകൾ 1700 ആയി വർധിച്ചെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 639 ഒമിക്രോണ്‍ ബാധിതര്‍ രോഗമുക്തരായിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 123 മരണവും റിപ്പോർട്ട് ചെയ്തു.

Related Tags :
Similar Posts