ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; മുംബൈയില്‍ 144 പ്രഖ്യാപിച്ചു
|ഇന്നും നാളെയും ആളുകള്‍ കൂട്ടം ചേരുന്ന റാലികള്‍, ഘോഷയാത്രകള്‍ എന്നിവ നിരോധിച്ചു; ലംഘിച്ചാൽ കർശന നടപടിയെന്ന് പൊലീസ്
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുബൈയില്‍ 144 പ്രഖ്യാപിച്ചു. ഇന്നും നാളെയും ആളുകള്‍ കൂട്ടം കൂടുന്ന പരിപാടികള്‍ക്ക് കര്‍ശനനിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗത്തിന്റെ വ്യാപനം തടയുന്നതിനായി റാലികള്‍, ആളുകളുടെയോ വാഹനങ്ങളുടെയോ ജാഥകള്‍, ഘോഷയാത്രകള്‍ ഇവയെല്ലാം നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആള്‍ ഇന്ത്യ മജിലിസ് ഇ -ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പാര്‍ട്ടിയുടെ റാലി ഇന്ന് മുംബൈയില്‍ നടക്കുന്നുണ്ട്. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് മുംബൈയില്‍ എത്തിയിട്ടുള്ളത്. റാലിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും പങ്കെടുക്കുന്നുണ്ട്. റാലി നടത്താനുള്ള തീരുമാനത്തില്‍ തന്നെയാണ് പാര്‍ട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സഞ്ജയ് റൗത്തിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി ഈ ദിവസങ്ങളില്‍ പ്രതിഷേധങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്നതുകൊണ്ടാണ് അടിയന്തരമായി 144 പ്രഖ്യാപിച്ചതെന്ന് മുംബൈ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍ 17 ഒമൈക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിട്ടുള്ളത്.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയാണ്. വെള്ളിയാഴ്ച മാത്രം ഏഴു കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് വയസുള്ള കുഞ്ഞും ഉള്‍പ്പെടും.