India
ഒമിക്രോൺ കോവിഡ്: പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തീരുമാനം
India

ഒമിക്രോൺ കോവിഡ്: പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തീരുമാനം

Web Desk
|
27 Nov 2021 7:30 AM GMT

കേരളത്തിലും കനത്ത ജാഗ്രത പാലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. സംസ്ഥാനങ്ങൾ പ്രത്യേകം യോഗം ചർന്ന് സാഹചര്യങ്ങൾ വിലയിരുത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. കേരളത്തിലും കനത്ത ജാഗ്രത പാലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ഒമിക്രോൺ എന്ന് പേരിട്ട വകഭേദമുള്ള കോവിഡ് വൈറസ് തീവ്രവ്യാപന ശേഷിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിരോധ നടപടികൾ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ലോകാരോഗ്യ സംഘടന, അംഗരാജ്യങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയതിനെ തുടർന്നാണ് അടിയന്തര യോഗം വിളിച്ചു ചേർത്തത്. ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കോവിഡിന്‍റെ പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ ഹോം ക്വാറന്‍റൈന്‍ ഉൾപ്പെടെ നടപടികൾ ശക്തമാക്കണമെന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ആൾക്കൂട്ടം ഒഴിവാക്കുക ,മാസ്ക് ,സാനിട്ടൈസേർ ഉപയോഗവും കർശനമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.പ്രതിരോധ വാക്സിൻ കുത്തിവെപ്പും യോഗം വിലയിരുത്തി.

വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇന്ത്യയിൽ പ്രവേശിക്കുന്നത് തടയണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ നിന്നും ഏറ്റവും കൂടുതൽ വിമാനങ്ങൾ എത്തുന്നത് ഡൽഹിയിലാണ്. പുതിയ വകഭേദത്തെ എങ്ങനെ നേരിടാമെന്നു പഠിക്കാൻ ഡിസാസ്റ്റർ മാനേജുമെന്‍റ് അതോറിറ്റിയെ ഡൽഹി സർക്കാർ ഏൽപ്പിച്ചു. രണ്ട്‌ ഡോസ് വാക്സിന് പിന്നാലെ ബൂസ്റ്റർ ഡോസ് നൽകുന്ന വിഷയത്തിൽ കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി അഭിപ്രായം തേടിയിട്ടുണ്ട്.

ഒമിക്രോൺ എന്ന് പേരിട്ടിരിക്കുന്ന വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വൈറസിനെക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് ഗുരുതരമായ കണ്ടെത്തലുകൾ വന്നിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളിൽ നിന്ന് ഏറ്റവും അപകടകാരിയായ വൈറസാണെന്നാണ് മുന്നറിയിപ്പ്. അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് B11529 എന്ന പുതിയ വൈറസെന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. വാക്സിനേഷൻ എല്ലാ രാജ്യങ്ങളും വേഗത്തിലാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോംഗ്, ഇസ്രയേൽ, ബെൽജിയം എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. വുഹാനിൽ കണ്ടെത്തിയ കോറോണ വൈറസിനേക്കാളും പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാണ് പുതിയവകഭേദം. 50 ലേറെ ജനിതക മാറ്റങ്ങൾ സംഭവിച്ച വൈറസ് അതിതീവ്ര വ്യാപനശേഷിയാണുള്ളതെന്ന് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. വാക്സിന്റെ പ്രതിരോധത്തെയും പുതിയ വകഭേദം ബാധിക്കുമെന്ന് ആശങ്കയുണ്ട്. യുകെ, ജർമ്മനി, ഇറ്റലി, ഇസ്രായേൽ, ജപ്പാൻ, കെനിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി ബോറിസ് ജോൺസൺ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ ബാരലിന് 10 ഡോളറായി കുറഞ്ഞു.

Similar Posts