നടുറോഡില്‍ ട്രാഫിക് പൊലീസുകാരനെ ചെരിപ്പ് കൊണ്ടടിച്ച് വനിതാ ഓട്ടോ ഡ്രൈവര്‍
|ഗതാഗതക്കുരുക്കിന് കാരണമായ ഇ-റിക്ഷ മാറ്റാൻ ട്രാഫിക് പൊലീസ് സ്ത്രീയോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്
ഗാസിയാബാദ്: നടുറോഡില്‍ ട്രാഫിക് പൊലീസുകാരനെ ചെരിപ്പു കൊണ്ടടിച്ച് വനിതാ ഓട്ടോ ഡ്രൈവര്‍. ഗാസിയാബാദ് ഇന്ദിരപുരം ഏരിയയിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഗതാഗതക്കുരുക്കിന് കാരണമായ ഇ-റിക്ഷ മാറ്റാൻ ട്രാഫിക് പൊലീസ് സ്ത്രീയോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഓട്ടോ ഡ്രൈവറായ സ്ത്രീ പൊലീസിനെ ചെരിപ്പു കൊണ്ട് ആവര്‍ത്തിച്ച് അടിക്കുകയും തള്ളുകയും ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. നിരവധി വഴിയാത്രക്കാര്‍ സംഭവം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അതേസമയം ട്രാഫിക് പൊലീസുകാരന്‍ സ്വയരക്ഷക്കായി കൈ ഉയര്‍ത്തുമ്പോള്‍ സ്ത്രീ അയാളെ മര്‍ദിക്കുന്നത് തുടരുകയാണ്. സംഭവം വൈറലായതിനെ തുടര്‍ന്ന് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
''പ്രദേശത്ത് ഇ-റിക്ഷകൾ മൂലം ഗതാഗതക്കുരുക്കുണ്ടായതായി ഞങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഒരു ട്രാഫിക് പൊലീസ് സംഭവസ്ഥലത്തെത്തി യുവതിയോട് ഇ-റിക്ഷ സൈറ്റിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ട്രാഫിക് പൊലീസുകാരനോട് മോശമായി പെരുമാറാന്‍ തുടങ്ങി. യുവതി മുന്‍പും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ട്'' മുതിർന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ പൂനം മിശ്ര പറഞ്ഞു.ഇ-റിക്ഷയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം നടന്നത് എന്നാണെന്ന് കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല.