പെട്രോള്‍, ഡീസൽ വില കുറക്കില്ല; യു.പി.എ സര്‍ക്കാരിനെ പഴിചാരി കേന്ദ്ര ധനമന്ത്രി
|സർക്കാറിന്റെ വരുമാനം വർധിച്ചതിന് ഇന്ധനവില വർധനവുമായി ബന്ധമില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ധന വിലയുടെ എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. യു.പി.എ സർക്കാറിന്റെ നടപടികളാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറക്കുന്നതിന് തടസമാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. 1.44 ലക്ഷം കോടിയുടെ ഇന്ധന ബോണ്ടുകളാണ് യു.പി.എ സർക്കാർ പുറത്തിറക്കിയത്. ഈ തീരുമാനം ഖജനാവിന് ബാധ്യതയായി. അഞ്ചു വർഷം കൊണ്ട് 70000 കോടി പലിശ തന്റെ സര്‍ക്കാര്‍ അടച്ചു. 2026 ആകുമ്പോൾ 37,000 കോടി രൂപ കൂടി അടയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഓയിൽ ബോണ്ടുകളുടെ ഭാരമില്ലായിരുന്നുവെങ്കിൽ ജനങ്ങൾക്ക് പെട്രോൾ, ഡീസൽ വില കുറച്ചു നൽകാൻ സാധിക്കുമായിരുന്നെന്നും നികുതി കുറച്ച് വില വർധനവ് പിടിച്ചു നിർത്താൻ കേന്ദ്രസർക്കാറിന് സാധിക്കുമായിരുന്നെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സർക്കാറിന്റെ വരുമാനം വർധിച്ചതിന് ഇന്ധനവില വർധനവുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. പെട്രോൾ, ഡീസൽ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.
രാജ്യത്തെ ബാങ്കുകള്‍ റെക്കോർഡ് ലാഭത്തിലാണ് മുന്നേറുന്നത്. പൊതുമേഖല ബാങ്കുകൾ 31,000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്. മൂലധനമായി 58,000 കോടി ബാങ്കുകൾ സമാഹരിക്കുകയും ചെയ്തു. ഉത്സവകാലത്ത് ഡിമാൻഡ് വർധിക്കുമെന്നാണ് സൂചനയെന്നും നിര്‍മല സീതാരാമന് പറഞ്ഞു.