കുനോയിലെ ചീറ്റ ചത്ത സംഭവം; മോദിയെ ശിക്കാരി ശംഭുവിനോട് ഉപമിച്ച് ജയറാം രമേശ്
|ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതം സന്ദര്‍ശിച്ചതിനെ കുറിച്ചും ജയറാം രമേശ് പ്രതികരിച്ചിരുന്നു
ഡല്‍ഹി: മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ രണ്ട് ചീറ്റകള്‍ ചത്ത സംഭവത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മോദിയെ കോമിക് കഥാപാത്രമായ ശിക്കാരി ശംഭുവിനോട് ഉപമിച്ചുകൊണ്ടായിരുന്നു പരിഹാസം.
''ആദ്യം സാഷ ചത്തു, ഇപ്പോള്‍ ഉദയും ചത്തു. സങ്കടകരം. ശിക്കാരി ശംഭുവിന്‍റെ വ്യസനിച്ചുകൊണ്ടുള്ള വാക്ക് ഇപ്പോള്‍ അസ്ഥാനത്താകുമായിരുന്നില്ല'' ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതം സന്ദര്‍ശിച്ചതിനെ കുറിച്ചും ജയറാം രമേശ് പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി തന്‍റെ സന്ദര്‍ശനത്തിനിടെ കടുവകളെ കണ്ടില്ലെന്ന് പറഞ്ഞ ഒരു മാധ്യമ റിപ്പോര്‍ട്ട് റീട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ശിക്കാരി ശംഭുവിന് ബന്ദിപ്പൂരില്‍ കടുവയെ കാണാന്‍ കഴിഞ്ഞിഞ്ഞില്ലെന്ന് തോന്നുന്നു. അദ്ദേഹം ദേഷ്യപ്പെട്ടു. എസ്പിജി വനം ജീവനക്കാരെ കുറ്റപ്പെടുത്തി അവര്‍ സുരക്ഷയെ കുറ്റപ്പെടുത്തുന്നു' അദ്ദേഹം ട്വീറ്റ് ചെയ്തു.
ഞായറാഴ്ചയാണ് ഉദയ് എന്ന ചീറ്റ ചത്തത്. ഫെബ്രുവരിയിൽ രാജ്യത്തേക്ക് പറന്നെത്തിയ 12 ചീറ്റപ്പുലികളിൽ ഒന്നാണ് ആറുവയസുകാരനായ ഉദയ്. ചീറ്റക്ക് തളര്‍ച്ചയും നടക്കാന്‍ ബുദ്ധിമുട്ടുള്ളതായും ദിവസേനയുള്ള പരിശോധനയില്‍ കണ്ടെത്തിയതായി വനം വകുപ്പിന്‍റെ പത്രക്കുറിപ്പിൽ പറയുന്നു.രാവിലെ 11 മണിയോടെ ആദ്യഘട്ട ചികിത്സ നൽകുകയും ചെയ്ത ശേഷം വലിയ ചുറ്റുമതിലിൽ നിന്ന് പുറത്തെടുത്തു. മണിക്കൂറുകൾക്ക് ശേഷം വൈകിട്ട് നാലോടെ ഉദയ് ചത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നമീബിയൻ ചീറ്റയായ സാഷ എന്ന അഞ്ചുവയസുകാരി കഴിഞ്ഞ മാസമാണ് വൃക്കയിലെ അണുബാധയെ തുടർന്ന് ചത്തത്. കുനോ പാര്‍ക്കിലെത്തിച്ച ചീറ്റകളുടെ ആദ്യ ബാച്ചില്‍ പെട്ടതായിരുന്നു സാഷ. കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് പറന്നെത്തിയ അഞ്ച് പെൺ ചീറ്റപ്പുലികളിൽ ഒന്നും. നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം തന്‍റെ ജന്മദിനത്തില്‍ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളുടെ രണ്ടാം ബാച്ചിൽ ഏഴ് ആണും അഞ്ച് പെണ്ണുമാണുണ്ടായിരുന്നത്. രാജ്യത്ത് എത്തിച്ച 20 ചീറ്റകളില്‍ 18 എണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.