'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; ഉന്നതതല റിപ്പോർട്ട് ഉടൻ കാബിനറ്റിന് മുന്നിൽ സമർപ്പിച്ചേക്കും
|റിപ്പോർട്ടിൽ 18 ഭരണഘടനാ ഭേദഗതികൾ ശിപാർശ ചെയ്തിട്ടുണ്ട്
ന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ ഉന്നതതല സമിതിയുടെ റിപ്പോർട്ട് ഉടൻ തന്നെ കാബിനറ്റിന് മുന്നിൽ സമർപ്പിക്കാൻ കേന്ദ്ര നിയമ മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്ത സർക്കാരിനായി 100 ദിവസത്തെ അജണ്ട തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കേന്ദ്ര മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കം.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി മാർച്ച് 15ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തു. തുടർന്ന് 100 ദിവസത്തിനുള്ളിൽ സമന്വയിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്നും സമിതി നൽകിയ ശിപാർശകൾ നടപ്പാക്കുന്നത് പരിശോധിക്കാൻ ഒരു സമിതി രൂപീകരിക്കാനും പാനൽ നിർദേശിച്ചിരുന്നു.
ഒരേസമയം നടക്കുന്ന വോട്ടെടുപ്പുകൾ വിഭവങ്ങൾ സംരക്ഷിക്കാനും വികസനത്തിനും രാജ്യത്തെ ജനാധിപത്യത്തിൻ്റെ അടിത്തറ ദൃഢമാക്കാനും സഹായിക്കുമെന്ന് പാനൽ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും സമിതി ശിപാർശ ചെയ്യുന്നുണ്ട്.
പാനൽ 18 ഭരണഘടനാ ഭേദഗതികൾ ശിപാർശ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതും സംസ്ഥാന അസംബ്ലികളുടെ അംഗീകാരം ആവശ്യമില്ല. എന്നാൽ പാർലമെൻ്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇതിന് ആവശ്യമായി വരും. ഒരു വോട്ടർ പട്ടികയും ഒറ്റ വോട്ടർ ഐഡി കാർഡും സംബന്ധിച്ച മാറ്റങ്ങൾക്ക് കുറഞ്ഞത് പകുതി സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്.
ഒരേസമയം വോട്ടെടുപ്പ് നടത്താനുള്ള റിപ്പോർട്ടുമായി നിയമ കമ്മീഷനും ഉടൻ വരാൻ സാധ്യതയുണ്ട്. 2029 മുതൽ ലോക്സഭ, സംസ്ഥാന അസംബ്ലികൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിയമ കമ്മീഷൻ ശുപാർശ ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഉത്തരവാദിത്തം ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ്. മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളാണ് നിയന്ത്രിക്കുന്നത്.