തടഞ്ഞുവെച്ച ധനകാര്യ കമ്മീഷൻ വിഹിതത്തിൽ ഒരു ഗഡു കേരളത്തിന് അനുവദിച്ചു
|നിരന്തരം പണമാവശ്യപ്പെട്ട് കേരളം സമ്മർദ്ദം ചെലുത്തിയിരുന്നു
തിരുവനന്തപുരം: തടഞ്ഞുവെച്ച പതിനഞ്ചാം ധനകാര്യ കമ്മീഷൻ വിഹിതത്തിൽ ഒരു ഗഡു കേരളത്തിന് അനുവദിച്ചു. 252 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. നിരന്തരം പണമാവശ്യപ്പെട്ട് കേരളം സമ്മർദ്ദം ചെലുത്തിയിരുന്നു. 841 കോടിയാണ് അനുവദിക്കണ്ടിയിരുന്നത്. എന്നാൽ അവസാന നിമിഷം അടിച്ചേൽപ്പിക്കപ്പെട്ട ചില നിബന്ധനകളുടെ പേരിൽ കേന്ദ്രം ഈ തുക പിടിച്ചു വെക്കുകയായിരുന്നു.
ഇത് വിട്ടു നൽകണമെന്ന് കേരളം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഡൽഹിയിലെത്തി കേന്ദ്രപഞ്ചായത്തീ രാജ് ഗ്രാമ വികസന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് നഗരവികസന വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി എന്നിവരുമായും ചർച്ചനടത്തിയിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിക്കുന്ന ആദ്യഘഡുവിന്റെ പത്ത് ശതമാനം പതിനാലാം ധനകാര്യകമ്മീഷന്റെ തുകയിൽ ബാക്കിയുണ്ടെങ്കിൽ വിഹിതം നൽകില്ലെന്ന വ്യവസ്ഥയാണ് കേന്ദ്രം അടിച്ചേൽപ്പിച്ചത്.
ഇത് ഭരണഘടനാ പരമായി ഇല്ലാത്ത വ്യവസ്ഥയാണെന്നും അതുകൊണ്ട് അംഗീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു കേരളത്തിന്റെ നിലപാട്. 7017 കോടിരൂപയാണ് പതിനാലാം ധനകാര്യകമ്മീഷൻ വിഹിതത്തിൽ അനുവദിച്ചത്. ഇതിൽ 5484 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. ഏതാണ്ട് 78 ശതമാനത്തിലധികം തുകയാണ് കേരളം ചെലവഴിച്ചത്. ബാക്കി തുക എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.ബി രാജേഷ് അറിയിച്ചു.