ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു, പൊലീസുകാരടക്കം എട്ടുപേർക്ക് പരിക്ക്
|അക്രമകാരികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
അകോല: മഹാരാഷ്ട്രയിലെ അകോലയിൽ ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപൊലീസുകാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് രണ്ടുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് 26 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി അകോല ഓൾഡ് സിറ്റി പൊലീസ് അറിയിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയും പരസ്പരം കല്ലെറിയുകയും ചെയ്തതായി പൊലീസ് അറിയിച്ചു.സംഭവത്തിൽ ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) മോണിക്ക റൗട്ട് പറഞ്ഞു. 'അക്രമകാരികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണ് ..' അവർ പറഞ്ഞു.
മതനേതാവിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിനെ തുടർന്നാണ് അക്രമം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് (എസ്പി) സന്ദീപ് ഘുഗെ പറഞ്ഞു.
സംഭവത്തെ തുടർന്ന് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയത്. സുരക്ഷക്കായി ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ അകോല നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അകോല ജില്ലയുടെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയും സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.