India
Jairam Ramesh

ജയറാം രമേശ്

India

ഒരാളുടെ ഈഗോ മൂലം രാഷ്ട്രപതിക്ക് ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ടു; പാര്‍ലമെന്‍റ് ഉദ്ഘാടന വിവാദത്തില്‍ ജയറാം രമേശ്

Web Desk
|
25 May 2023 7:35 AM GMT

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസിന്‍റെ ആക്രമണം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഒരാളുടെ ഈഗോ മൂലം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസിന്‍റെ ആക്രമണം.

"ഇന്നലെ, റാഞ്ചിയിലെ ജാർഖണ്ഡ് ഹൈക്കോടതി സമുച്ചയത്തിൽ രാജ്യത്തെ ഏറ്റവും വലിയ ജുഡീഷ്യൽ കാമ്പസ് രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു.മേയ് 28 ന് ന്യൂഡൽഹിയിൽ പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം ആദ്യ ഗോത്ര വനിത രാഷ്ട്രപതിക്ക് നിഷേധിച്ചത് ഒരു പുരുഷന്‍റെ അഹങ്കാരവും സ്വയം പ്രമോഷനുള്ള ആഗ്രഹവുമാണ്. '' ജയറാം രമേശ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ്,ടി.എം.സി, എസ്.പി, എഎപി ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ ആത്മാവ് ഊറ്റിയെടുക്കപ്പെട്ടപ്പോൾ ഒരു പുതിയ കെട്ടിടത്തിന് വിലയില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീൻ ഉവൈസി പറഞ്ഞു.പ്രതിപക്ഷത്തിന്‍റെ നിലപാട് രാജ്യത്തിന്റെ ജനാധിപത്യ ധാർമ്മികതയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള നഗ്നമായ അവഹേളനമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

ഞായറാഴ്ച ഉച്ചക്ക് 12ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ 28ന് പാര്‍ലമെന്‍റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts