ആദ്യജോലിക്കാര്ക്ക് ഒരു മാസത്തെ ശമ്പളം; ആര്‍ക്കൊക്കെ, എത്ര രൂപ വരെ ലഭിക്കും?
|പ്രതിമാസം 5,000 രൂപ അലവന്‍സോടെ രാജ്യത്തെ 500 കമ്പനികളിലായി ഇന്റേണ്‍ഷിപ്പ് അവസരം സൃഷ്ടിക്കുമെന്നും പ്രഖ്യാപനമുണ്ട്
ന്യൂഡല്‍ഹി: രാജ്യത്ത് 50 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ച് പുതിയ ബജറ്റ്. തൊഴിലാളികളുമായി ബന്ധപ്പെട്ടു മൂന്ന് ഇന്‍സെന്റീവ് പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായി ജോലിയില്‍ കയറുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്നതാണ് ഇതില്‍ സുപ്രധാന പ്രഖ്യാപനം. ഇതോടൊപ്പം തൊഴിലുടമകള്‍ക്കു ഗുണം ലഭിക്കുന്ന പദ്ധതികളുമുണ്ട്.
എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍(ഇ.പിഎഫ്.ഒ) രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും ആദ്യ മാസ ശമ്പളം ലഭിക്കുക. മൂന്ന് ഗഡുക്കളായി 15,000 രൂപ വരെ അക്കൗണ്ടിലെത്തും. ഒരു ലക്ഷം രൂപ വരെ മാസശമ്പളം വാങ്ങുന്നവര്‍ക്കാണ് ഈ പദ്ധതി. തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ടിലേക്കായിരിക്കും സര്‍ക്കാര്‍ വിഹിതം എത്തുക.
പൊതുമേഖലയില്‍ മാത്രമല്ല, എല്ലാ മേഖലകളിലുള്ളവര്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും. യുവ പ്രൊഫഷനലുകള്‍ക്കുള്ള പ്രോത്സാഹനമെന്നു പറഞ്ഞാണു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 2.10 കോടി യുവാക്കള്‍ക്കു പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് നിര്‍മല സീതാരാമന് ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്.
ഇതോടൊപ്പം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനെന്നു പറഞ്ഞ് തൊഴിലുടമകള്‍ക്കു കൂടി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ തൊഴിലവസരം സൃഷ്ടിച്ചു പുതിയ തൊഴിലാളികളെ നിയമിച്ചാല്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇന്‍സെന്റീവ് ലഭിക്കും. ഈ തൊഴിലാളികളുടെ ആദ്യ നാലു വര്‍ഷത്തെ ഇ.പി.എഫ്.ഒ വിഹിതത്തിലേക്കായിരിക്കും സര്‍ക്കാര്‍ വിഹിതം എത്തുക.
പുതിയ ജീവനക്കാരെ നിയമിച്ചാല്‍ അവരുടെ പ്രോവിഡന്റ് ഫണ്ടില്‍ ഉടമ നല്കുന്ന വിഹിതം രണ്ടു വര്‍ഷം സര്‍ക്കാര്‍ നല്‍കും. 3,000 രൂപ വരെയാണ് അനുവദിക്കുക. രാജ്യത്ത് 50 ലക്ഷം പേര്‍ക്കു പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതു രാജ്യത്തെ സമ്പദ്ഘടനയ്ക്കും കരുത്താകുമെന്നാണു സര്‍ക്കാര്‍ പറയുന്നത്.
യുവ പ്രൊഫഷനലുകള്‍ക്കായി പ്രമുഖ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് പദ്ധതി ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. രാജ്യത്തെ 500 കമ്പനികളിലായിരിക്കും ഇന്റേണ്‍ഷിപ്പ് അവസരം. പ്രതിമാസം 5,000 രൂപ ഇന്റേണ്‍ഷിപ്പ് അലവന്‍സും 6,000 രൂപ ആദ്യഘട്ട സഹായവും ലഭിക്കും. ഒരു കോടി യുവാക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
തൊഴില്‍രംഗത്ത് സ്ത്രീസാന്നിധ്യം വര്‍ധിപ്പിക്കാനുള്ള നടപടികളും മന്ത്രി പ്രഖ്യാപിച്ചു. വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും. വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങള്‍ക്കായി 1.48 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ ബി.ജെ.പിക്ക് വലിയ തിരിച്ചടിയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിലെ ആദ്യ ബജറ്റില്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതിനു പിന്നില്‍ ഇതുതന്നെയാണെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തൊഴില്രഹിതരായതു മൂലം അസംതൃപ്തരായ യുവാക്കളെ വീണ്ടും പാര്‍ട്ടിയോടടുപ്പിക്കുകയാണ് ബി.ജെ.പി ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വിലയിരുത്തലുണ്ട്.
Summary: 'One month wage for first time employees': 3 employment-linked incentive schemes to be benefited for employees and employers