ഒറ്റത്തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ചര്‍ച്ചക്കൊരുങ്ങി കേന്ദ്രം; ജെപിസി നിര്‍ദേശവും പരിഗണിച്ചേക്കും
|തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെങ്കിലും പ്രതിപക്ഷ പാർട്ടികളുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട്
ഡല്‍ഹി: ഒറ്റതെരഞ്ഞെടുപ്പിൽ കൂടുതൽ ചർച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസർക്കാർ. സംയുക്ത പാർലമെന്‍ററി സമിതിയുടെ നിർദേശവും പരിഗണിച്ചേക്കും. തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെങ്കിലും പ്രതിപക്ഷ പാർട്ടികളുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട്.
ഒറ്റ തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ എത്തിക്കുക എന്ന നിർണായക തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ കടന്നെങ്കിലും ആശങ്കകൾ നിലനിൽക്കുകയാണ്. ബില്ല് ഇരു സഭകളും അംഗീകരിച്ച്, നടപ്പാവുകയാണെങ്കിൽ ഭരണഘടനയിലടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ സംയുക്ത പാർലമെന്‍ററി സമിതിയുടെ ചർച്ചകൾക്ക് ശേഷമേ കേന്ദ്രസർക്കാർ എന്നുമുതൽ നടപ്പിലാക്കാൻ സാധിക്കും എന്നുള്ളതിൽ അന്തിമ തീരുമാനമെടുക്കൂ. ലോക്സഭയിൽ ബില്ല് പാസാക്കാൻ 362 എം.പിമാരുടെ പിന്തുണ വേണം. പക്ഷേ നിലവിലെ സാഹചര്യത്തിൽ അതുറപ്പിക്കാൻ പ്രതിപക്ഷത്തെ ചില പാർട്ടികളുടെ അംഗീകാരം വേണം. ഇതിനായി ഡിഎംകെയെയും ടിഎംസിഎയെയും കേന്ദ്രമന്ത്രിമാർ സമീപിച്ചേക്കും.
എതിർപ്പുള്ള പാർട്ടികളുമായി സംസാരിക്കാൻ മന്ത്രിമാരായ രാജ്‍നാഥ് സിങ്, അർജുൻ റാം മേക്വാൾ , കിരൺ റിജ്ജുജു എന്നിവരോട് പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ട്. കോൺഗ്രസും ഇടതു പാർട്ടികളും ഉൾപ്പെടെ ഇന്‍ഡ്യാ സഖ്യ പാർട്ടികൾ പാർലമെന്‍റിലും സുപ്രിം കോടതിയിലും ഒറ്റ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ശൈത്യകാല സമ്മേളനത്തിന് മുൻപായി വിവിധ പാർട്ടികളുമായി തുറന്ന ചർച്ചയ്ക്ക് കേന്ദ്രസർക്കാർ സന്നദ്ധമായിട്ടുണ്ട്.