India
baba siddique_murder case arrest
India

വെടിവെപ്പ് പരിശീലിക്കാൻ ജാർഖണ്ഡിലേക്ക് അയച്ചു, ബാബ സിദ്ദീഖിയെ കൊലപ്പെടുത്താൻ പ്ലാൻ ബി; ഒരാൾ കൂടി അറസ്റ്റിൽ

Web Desk
|
8 Nov 2024 2:30 AM GMT

ഗൗരവ് വിലാസ് അപുന എന്നയാളെയാണ് മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്.

ഡൽഹി: മുതിർന്ന എൻസിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. ഗൗരവ് വിലാസ് അപുന എന്നയാളെയാണ് മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ബാബ സിദ്ദിഖിയെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയ് സംഘം തയ്യാറാക്കിയ പ്ലാൻ ബിയിൽ ഷൂട്ടറായിരുന്നു ഗൗരവ് വിലാസ്. വെടിവയ്പ്പ് പരിശീലിക്കാൻ ഇയാൾ ജാർഖണ്ഡിലേക്ക് പോയിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.

നേരത്തെ അറസ്റ്റിലായ പ്രതികളിലൊരാളായ രൂപേഷ് മോഹലും അപുനെയ്‌ക്കൊപ്പം ജാർഖണ്ഡിലേക്ക് വെടിവെപ്പ് പരിശീലിക്കാൻ പോയിരുന്നു. ബാബ സിദ്ദിഖിയെ കൊലപ്പെടുത്താൻ തയ്യാറാക്കിയ ആദ്യത്തെ പ്ലാൻ പരാജയപ്പെടുകയാണെങ്കിൽ പ്ലാൻ ബി നടപ്പിലാക്കാനായിരുന്നു ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പദ്ധതി. ഈ ആസൂത്രണത്തിലാണ് ഗൗരവ് വിലാസ് ഭാഗമായത്.

കൊലപാതകത്തിൻ്റെ മുഖ്യ സൂത്രധാരൻ ശുഭം ലോങ്കർ, രൂപേഷിനെയും ഗൗരവിനെയും പരിശീലനത്തിനായി ജൂലൈ 28ന് ആവശ്യമായ ആയുധങ്ങൾ സഹിതം ജാർഖണ്ഡിലേക്ക് അയച്ചതായി കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കുകയും ചെയ്‌തു. ഇരുവരും ജാർഖണ്ഡിൽ ഒരു ദിവസം വെടിവയ്പ്പ് പരിശീലിച്ച ശേഷം ജൂലൈ 29 ന് പൂനെയിലേക്ക് തന്നെ മടങ്ങി. ശേഷം ശുഭം ലോങ്കറുമായി വീണ്ടും ബന്ധപ്പെടുകയും ചെയ്‌തതായി മുംബൈ ക്രൈം ബ്രാഞ്ച് അറിയിച്ചു.

ഇവർ വെടിവെപ്പ് പരിശീലിച്ച ജാർഖണ്ഡിലെ കൃത്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

ഇന്നലെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടു പ്രതികളെ പൂനെയിൽ നിന്ന് പിടികൂടി മുംബൈയിലേക്ക് കൊണ്ടുവന്നിരുന്നു. പുണെയിലെ കാർവേ നഗർ സ്വദേശികളായ ആദിത്യ രാജു ഗുലങ്കർ (22), റഫീഖ് നിയാസ് ഷെയ്ഖ് (22) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ പ്രവീൺ ലോങ്കർ, രൂപേഷ് മൊഹോൾ എന്നിവരുമായി തങ്ങൾ ബന്ധപ്പെട്ടിരുന്നതായി ഇവർ പൊലീസിനോട് വെളിപ്പെടുത്തി. പ്രതികൾക്ക് 9 എംഎം പിസ്റ്റളും വെടിയുണ്ടകളും കൈമാറിയതായും പൊലീസ് കണ്ടെത്തി.

ഒക്‌ടോബർ 12നാണ് ബാന്ദ്ര ഈസ്റ്റിലെ മുതിർന്ന എൻസിപി നേതാവ് ബാബ സിദ്ദിഖി (66) മൂന്ന് തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചത്. ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോലാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ആരോപണം. എന്നാൽ‌, കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Summery: Mumbai Crime Branch arrests one shooter in Baba Siddique murder case

Similar Posts