India
ഒമിക്രോൺ സ്ഥിരീകരിച്ചത് വിദേശിക്കും ബംഗളൂരുവിലെ ഡോക്ടർക്കും; 66കാരൻ പോസിറ്റീവായ ശേഷം ദുബൈയിൽ പോയി
India

ഒമിക്രോൺ സ്ഥിരീകരിച്ചത് വിദേശിക്കും ബംഗളൂരുവിലെ ഡോക്ടർക്കും; 66കാരൻ പോസിറ്റീവായ ശേഷം ദുബൈയിൽ പോയി

Web Desk
|
2 Dec 2021 3:17 PM GMT

ബംഗളൂരുവിലെ ഡോക്ടറുടെ സമ്പർക്കപ്പട്ടികയിലുള്ള അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ വിദേശിയാണെന്ന് റിപ്പോർട്ട്. രണ്ടാമത്തെയാൾ ആരോഗ്യ പ്രവർത്തകനുമാണ്. കഴിഞ്ഞ മാസം 20നുശേഷമാണ് രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിക്കുന്നത്.

ഒമിക്രോൺ സ്ഥിരീകരിച്ച 66കാരൻ ദക്ഷിണാഫ്രിക്കൻ പൗരനാണെന്ന് സിഎൻഎൻ-ന്യൂസ് 18ഉം ദ ഹിന്ദുവും റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസം 20നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലെത്തിയത്. ഈ സമയത്ത് കോവിഡ് നെഗറ്റീവായിരുന്നു.

എന്നാൽ, ഇവിടെയെത്തിയ ശേഷം നടത്തിയ പരിശോധനയിൽ പോസിറ്റീവായെങ്കിലും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. തുടർന്ന് ഒരാഴ്ച ഐസൊലേഷനിൽ കഴിഞ്ഞ ശേഷം ഇദ്ദേഹം കോവിഡ് നെഗറ്റീവ് റിപ്പോർട്ടോടെ ദുബൈയിൽ പോയി. പ്രൈമറി, സെക്കൻഡറി തലങ്ങളിലായി ഇദ്ദേഹവുമായി സമ്പർക്കമുള്ള 264 പേർക്കും കോവിഡ് നെഗറ്റീവാണ്.

ബംഗളൂരുവിലെ ബൊമ്മനഹള്ളി സ്വദേശിയായ ഡോക്ടറാണ് ഒമിക്രോൺ ബാധിച്ച രണ്ടാമത്തെയാൾ. 46 ആണ് ഇയാളുടെ പ്രായം. നവംബർ 21ന് പനിയും ശരീരവേദനയും അടക്കമുള്ള രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇദ്ദേഹത്തിന്റെ സാംപിളുകൾ ജീനോം(ജനിതക ശ്രേണീകരണ) പരിശോധനയ്ക്ക് അയച്ചു. മൂന്നുദിവസത്തിനുശേഷം ആശുപത്രി വിടുകയും ചെയ്തു. ഇദ്ദേഹം മുഴുവൻ വാക്‌സിനുമെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ള അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേർ പ്രാഥമിക സമ്പർക്കപ്പട്ടികയിലും രണ്ടുപേർ ദ്വിത്വീയ സമ്പർക്കപ്പട്ടികയിലുമുള്ളവരാണ്. കഴിഞ്ഞ മാസം 22നും 25നും ഇടയിലാണ് ഇവർക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരെയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ആർക്കെങ്കിലും ഒമിക്രോൺ വകഭേദമുണ്ടെന്നതിനെ കുറിച്ച് ഇതുവരെ വ്യക്തതയില്ല. പ്രൈമറി, സെക്കൻഡറി തലങ്ങളിൽ ഡോക്ടറുടെ സമ്പർക്കപ്പട്ടികയിലുള്ള 218 പേരെയാണ് ആകെ പരിശോധിച്ചത്.

ഇന്നു വൈകീട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വാർത്താസമ്മേളനം വിളിച്ച് രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം ഇതുവരെ 23 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായാണ് നേരത്തെ ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയത്. പുതിയ സ്ഥിതിഗതികളെ അതീവ ഗൗരവത്തോടെയാണ് തങ്ങൾ കാണുന്നതെന്നും എല്ലാ ലോകരാജ്യങ്ങളും ആ ഗൗരവം ഉൾക്കൊള്ളണമെന്നും ഡബ്ല്യുഎച്ച്ഒ ഡയരക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നിർദേശിച്ചിരുന്നു.

Summary: A Bengaluru resident with no travel history, and a foreigner, have been tested positive for Omicron variant of COVID-19. While the 66-year-old man is a South African national and has a travel history from South Africa, the other one has no travel history and is a healthcare worker from Bengaluru. Both of them were tested the last month and found to be positive with mild symptoms.

Similar Posts