ആ എം.എല്‍.എമാരുടെ ശരീരം മാത്രമേ തിരിച്ചെത്തൂ, ആത്മാവ് മരിച്ചു: സഞ്ജയ് റാവത്ത്
|'റാഡിസൺ ബ്ലൂ ഒരു ഹോട്ടൽ പോലെയല്ല, ബിഗ് ബോസ് ഹൗസ് ആണെന്നാണ് തോന്നുന്നത്. എത്രകാലം ഗുവാഹത്തിയിൽ ഒളിക്കും?'
മുംബൈ: മഹാരാഷ്ട്രയിലെ വിമത ശിവസേന എം.എല്‍.എമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്. വിമത എം.എല്‍.എമാരുടെ ആത്മാവ് മരിച്ചെന്നും ശരീരം മാത്രമേ മുംബൈയില്‍ തിരിച്ചെത്തുകയുള്ളൂവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
'ഗുവാഹത്തിയിലുള്ള 40 എംഎല്‍എമാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവരുടെ ശരീരം മാത്രമേ ഇങ്ങോട്ട് തിരിച്ചെത്തുകയുള്ളൂ. അവരുടെ ആത്മാവ് മരിച്ചു. അവര്‍ തിരിച്ചെത്തിയാല്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് ശരീരം നേരിട്ട് പോസ്റ്റുമോര്‍ട്ടത്തിനയക്കും. ഇപ്പോള്‍ ഇവിടെ കത്തുന്ന തീയില്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്കറിയാം'- സഞ്ജയ് റാവത്ത് പറഞ്ഞു.
ബാല്‍ താക്കറെയെ ഒറ്റിക്കൊടുക്കുന്നവര്‍ തീര്‍ന്നെന്നും ഇനി മുതല്‍ ആരെ വിശ്വസിക്കണമെന്ന് നമ്മള് തീരുമാനിക്കുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി- "എനിക്ക് ഫോട്ടോകൾ കാണുമ്പോൾ റാഡിസൺ ബ്ലൂ ഒരു ഹോട്ടൽ പോലെയല്ല, ബിഗ് ബോസ് ഹൗസ് ആണെന്നാണ് തോന്നുന്നത്. ആളുകൾ കുടിക്കുന്നു, കഴിക്കുന്നു, കളിക്കുന്നു. അവരിൽ പകുതിയും ഒഴിവാക്കപ്പെടും. എത്രകാലം നിങ്ങൾ ഗുവാഹത്തിയിൽ ഒളിക്കും? തിരികെ വരേണ്ടിവരും"- സഞ്ജയ് റാവത്ത് പറഞ്ഞു.
താക്കറെ 70 വര്‍ഷം മുന്‍പ് ശിവസേന സ്ഥാപിച്ചപ്പോള്‍ മുന്നോട്ടുവെച്ച 'മണ്ണിന്റെ മകന്' എന്ന വികാരമാണ് സഞ്ജയ് റാവത്തും ഉണര്‍ത്താന്‍ ശ്രമിക്കുന്നത്- "ഇത് ശിവസേനയാണ്, അതിന് ഒരു പിതാവേ ഉള്ളൂ. നിങ്ങൾക്ക് പിതാവിനെ മോഷ്ടിക്കാൻ കഴിയില്ല. മഹാരാഷ്ട്രയെ മൂന്നായി വിഭജിക്കാൻ അവര്‍ ആഗ്രഹിക്കുന്നു. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല".
എം.എൽ.എ.മാർ മഹാരാഷ്ട്രയിലേക്ക് വിശ്വാസ വോട്ടെടുപ്പിനായി തിരിച്ചുവരാന്‍ ബുദ്ധിമുട്ടുമെന്ന് സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും ആഭ്യന്തരമന്ത്രി ദിലീപ് വാൽസെ പാട്ടീലിനും ഏക്നാഥ് ഷിന്‍ഡെ കത്തയച്ചു. എംഎൽഎമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി. നേതാക്കള്‍ അക്രമത്തിന് ശിവസേന പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നുവെന്നും ഷിന്‍ഡെ പരാതിപ്പെട്ടു.