രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഒരിക്കലും അഗ്നിവീറാകാന്‍ കഴിയില്ല : അഖിലേഷ് യാദവ്
|മെയിൻപുരിയിൽ നടന്ന എക്സ്-സർവീസ്മെൻ കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു യാദവ്
മെയിന്‍പുരി: കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കും അഗ്നിവീറാകാന്‍ കഴിയില്ലെന്ന് അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ നടന്ന റിക്രൂട്ട്‌മെന്‍റ് റാലിക്ക് ശേഷം ആർക്കും ജോലി ലഭിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മെയിൻപുരിയിൽ നടന്ന എക്സ്-സർവീസ്മെൻ കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു യാദവ്. ഡിസംബര്‍ 5ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഖിലേഷിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് മെയിന്‍പുരിയില്‍ നിന്നാണ് മത്സരിക്കുന്നത്.
''രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരാളും അഗ്നിവീരനാകാൻ ആഗ്രഹിക്കുന്നില്ല. ഫറൂഖാബാദിൽ റിക്രൂട്ട്‌മെന്‍റുകള്‍ നടത്തിയെങ്കിലും ആർക്കും ജോലി ലഭിച്ചില്ല. ഈ പദ്ധതികളിലൂടെ ബജറ്റ് ലാഭിക്കുകയാണെന്ന് സർക്കാർ പറയുന്നു, എന്നാൽ രാജ്യം തന്നെ നിലനിൽക്കാത്തപ്പോൾ ബജറ്റ് എങ്ങനെ നിലനിൽക്കും'' അഖിലേഷ് ചോദിച്ചു. ഞങ്ങളുടെ പാർട്ടി പ്രവർത്തകർ പ്രവർത്തിക്കുന്നു, ഞങ്ങളുടെ നേതാക്കൾ കഠിനാധ്വാനം ചെയ്യുന്നു, നിങ്ങൾ ഞങ്ങളെ പിന്തുണച്ചാൽ ഞങ്ങൾക്ക് ആശങ്കകളൊന്നുമില്ല....മുൻ സൈനികരുടെ പിന്തുണ തേടി സമാജ്‌വാദി പാർട്ടി മേധാവി കൂട്ടിച്ചേര്‍ത്തു.
നേരത്തെയും അഖിലേഷ് അഗ്നിപഥ് പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‍റെ ഭാവിക്ക് ദോഷകരമായ തീരുമാനമെന്നായിരുന്നു അഖിലേഷ് വിശേഷിപ്പിച്ചത്. ''രാജ്യത്തിന്‍റെ സുരക്ഷ ഹ്രസ്വകാല പ്രശ്‌നമല്ല. അത് വളരെ ഗൗരവമേറിയതും ദീര്‍ഘവുമായ നയമാണ്, അതാണ് പ്രതീക്ഷിക്കുന്നത്. സൈനിക റിക്രൂട്ട്മെന്‍റിന്‍റെ കാര്യത്തില്‍ സ്വീകരിക്കുന്ന അവഗണന മനോഭാവം രാജ്യത്തിന്‍റെയും യുവാക്കളുടെയും ഭാവിയുടെ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെ ഗുരുതരമായ നടപടിയാണെന്ന് തെളിയിക്കും'' അഖിലേഷ് ട്വീറ്റ് ചെയ്തു.
ഒക്‌ടോബർ 10-ന് പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ മരണത്തെത്തുടർന്നാണ് സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മെയിൻപുരി സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രഗതിഷീൽ സമാജ്‌വാദി പാർട്ടിയുടെ (ലോഹിയ) തലവനായ അഖിലേഷ് യാദവിന്‍റെ അമ്മാവൻ ശിവപാൽ യാദവ് ഉൾപ്പെടുന്ന ഉപതെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടിക പാർട്ടി പുറത്തുവിട്ടിട്ടുണ്ട്. അഖിലേഷ് യാദവ്, ജയ ബച്ചൻ, അസം ഖാൻ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖർ. ശിവ്‌പാൽ യാദവ് മെയിൻപുരിയിൽ മത്സരിച്ചേക്കുമെന്ന് ഊഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഡിംപിൾ യാദവിന്‍റെ സ്ഥാനാർത്ഥിത്വത്തെ അദ്ദേഹം പിന്തുണയ്ക്കുമെന്ന് കുടുംബ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഡിസംബര്‍ 8നാണ് വോട്ടെണ്ണല്‍.