രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം; ബാലസോർ ദുരന്തത്തിന് ഒരാണ്ട്
|2023 ജൂൺ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തം നടന്നത്.
ബാലസോർ: 296 പേർ കൊല്ലപ്പെട്ട ഒഡീഷ ബാലസോർ ട്രെയിന്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. രാജ്യം കണ്ട മൂന്നാമത്തെ വലിയ ട്രെയിൻ അപകടം ആയിരുന്നു ബാലസോറിലേത്. ബാലസോർ ട്രെയിൻ അപകടത്തിന് ശേഷം സൂരക്ഷ ശക്തമാക്കിയെന്ന് കേന്ദ്രസർക്കാർ വാദം ഉയർത്തുമ്പോഴും പിന്നീടുണ്ടായ ട്രെയിൻ അപകടങ്ങളിലും ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്.
2023 ജൂൺ രണ്ടിനുണ്ടായ ട്രെയിൻ അപകടത്തിന്റെ ഞെട്ടിലിലാണ് ഇപ്പോഴും ബാലസോറിലെ ബാഹനഗ ഗ്രാമം. 296 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കൊറാമണ്ഡൽ-ചെന്നൈ എക്സ്പ്രസ് ബാഹനഗ ബസാർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയും പാളം തെറ്റിയ കോച്ചുകളിലേക്ക് യശ്വന്ത്പൂർ-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചു കയറുകയുമായിരുന്നു.
അപകടത്തിൽ മരിച്ച 277 വരെ തിരിച്ചറിഞ്ഞപ്പോൾ 29 മൃതശരീരങ്ങൾ അവകാശികൾ ഇല്ലാതെ ബാലസോറിൽ തന്നെ സംസ്കരിക്കേണ്ടി വന്നു. സിഗ്നൽ തകരാറാണ് ബാലാസോർ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും ഒന്നിനുമൊരു വ്യക്തതയില്ലെന്നതാണ് യാഥാർഥ്യം. അതിനുത്തരവാദികളായ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പുറത്താക്കി കേന്ദ്രസർക്കാർ അവരുടെ ഭാഗം സുരക്ഷിതമായി.
ഇനി ഇത്തരമൊരു ട്രെയിൻ അപകടം ഉണ്ടാകില്ലെന്നായിരുന്നു അന്ന് കേന്ദ്ര സർക്കാറിന്റെ അവകാശ വാദം. എന്നാൽ ആന്ധ്രയിലെയും ബീഹാറിലെയും ട്രെയിൻ അപകടങ്ങൾ കേന്ദ്രസർക്കാർ അവകാശവാദങ്ങൾ തെറ്റെന്ന് തെളിയിച്ചു. ഒഡീഷയിലെ അപകടം ഒരു വർഷം പിന്നിടുമ്പോഴും കൊട്ടിഘോഷിച്ച് അവതരിപ്പിക്കപ്പെട്ട ട്രെയിൻ സുരക്ഷ സംവിധാനങ്ങളും അതിനായി ചിലവഴിച്ച കോടാനുകോടികളും എവിടെപ്പോയെന്നതാണ് ഇപ്പോഴും അവശേഷിക്കുന്ന ചോദ്യം.