ഉയരം മൂന്നടിമാത്രം, ഡ്രൈവിങ് ലൈസൻസ് നേടി ചരിത്രം കുറിച്ച് ശിവപാൽ
|തന്റെ ജില്ലയായ കരിംഗറിൽ ബിരുദം നേടുന്ന ആദ്യ ദിവ്യാംഗനാണ് അദ്ദേഹം
മൂന്നടിമാത്രം ഉയരമുള്ള ഹൈദരാബാദുകാരൻ ഗട്ടിപ്പള്ളി ശിവപാൽ ഡ്രൈവിങ് ലൈസൻസ് നേടി. തീരെ ഉയരക്കുറവുള്ള 'ഡ്വാർഫിസം' എന്ന ശരീരികാവസ്ഥയുള്ളയാൾ ആദ്യമായാണ് ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നത്. ലിംക ബുക്ക് ഓഫ് റെക്കോഡിലേക്ക് ഈ നാൽപ്പത്തിരണ്ടുകാരന് നാമനിർദേശം കിട്ടിക്കഴിഞ്ഞു.
ഡ്രൈവിങ് പഠിക്കണമെന്ന ആഗ്രഹം വന്നപ്പോൾ ശിവപാൽ ഇന്റർനെറ്റിൽ തിരഞ്ഞു. യു.എസ്. പൗരൻ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ കണ്ട് അതനുസരിച്ച് കാറിൽ ചില മാറ്റങ്ങൾ വരുത്തി. തന്റെ പൊക്കക്കുറവ് പരിഹരിക്കാൻ കഴിയുംവിധം കാർ സീറ്റും മറ്റ് ഉപകരണങ്ങളും ഉയർത്തിസ്ഥാപിച്ചു. അങ്ങനെ മാറ്റംവരുത്തിയ കാറിൽ സുഹൃത്തിന്റെ സഹായത്തോടെ ഡ്രൈവിങ് പഠിച്ചു.
പക്ഷേ, ലൈസൻസ് കിട്ടാൻ പലതുണ്ടായിരുന്നു കടമ്പ. ലൈസൻസിനുവേണ്ട ഉയരനിബന്ധനകൾ ശിവപാലിനു വിനയായി. അദ്ദേഹം തോറ്റില്ല. അധികൃതർക്ക് അപ്പീൽ നൽകി. അങ്ങനെ ലേണേഴ്സ് ടെസ്റ്റും ഡ്രൈവിങ് ടെസ്റ്റും പാസായി ലൈസൻസ് സ്വന്തമാക്കി. ശാരീരിക വെല്ലുവിളികളുള്ളവർക്കായി അടുത്തകൊല്ലം ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ശിവപാൽ.
തന്റെ ജില്ലയായ കരിംഗറിൽ ബിരുദം നേടുന്ന ആദ്യ ദിവ്യാംഗനാണ് അദ്ദേഹം. ഹൈദരാബാദിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നു. സീരിയലിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്.