ഓപ്പറേഷന് ഗംഗ; ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനം ഡല്‍ഹിയിലെത്തി
|36 മലയാളികൾ ഉൾപ്പടെ 240 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്
യുക്രൈനിലെ ഇന്ത്യന്‍ രക്ഷാ ദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള ആറാമത്തെ വിമാനം ഡല്‍ഹിയിലിറങ്ങി. ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനമാണ് ഡല്‍ഹിയിലെത്തിയത്. 36 മലയാളികൾ ഉൾപ്പടെ 240 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ 1396 പേര് യുക്രൈനില്‍ നിന്ന് രാജ്യത്ത് സുരക്ഷിതരായി മടങ്ങിയെത്തി.
യുക്രൈൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി റൊമേനിയയിലെ ബുക്കാറസ്റ്റിൽ നിന്നുള്ള അഞ്ചാം വിമാനം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു . 249 പേരെ വഹിച്ചുകൊണ്ടുള്ള വിമാനമാണ് ഡൽഹിയിലിറങ്ങിയത്. 12 മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.
തെക്കൻ യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാർക്ക് മോൾഡാവ വഴി നാട്ടിലെത്താം എന്ന കണക്കു കൂട്ടലിലാണ് വിദേശകാര്യ മന്ത്രാലയം. വിദേശ കാര്യമന്ത്രി ജയശങ്കർ മോൾഡാവൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു.
പോളണ്ട് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ കാര്യത്തിൽ അനിശ്ചിതത്വം നീങ്ങി തുടങ്ങി.50 നഴ്സിങ് വിദ്യാർത്ഥികൾക്ക് പോളണ്ടിലേക്ക് പ്രവേശനം അനുവദിച്ചു. കൂടുതൽ പേര് എത്തുന്നതനുസരിച്ചു പോളണ്ടിലേക്ക് വിമാനം അയക്കും. എയർ ഇന്ത്യയോടൊപ്പം ഇൻഡിഗോയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കും. റുമേനിയ, ഹംഗറി എന്നീ രാജ്യങ്ങൾ വഴി 907 പേരാണ് എത്തിയത്. സ്ലോവാക്യയിൽ കാലതാമസം നേരിടുന്നുണ്ട്. കിയവ് ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ പുറത്തിറങ്ങരുതെന്നും റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം യാത്ര ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.